കോഴിക്കോട്: ഇന്ത്യന്‍ ജനത എന്നും ഫലസ്തീനൊപ്പമായിരുന്നെന്നും ഈ നിലപാടില്‍ അടുത്തകാലത്തുണ്ടായ മാറ്റങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മനസാക്ഷിക്ക് എതിരാണെന്നും എം.പി പി.കെ കുഞ്ഞാലിക്കുട്ടി. സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച ഖുദ്‌സ് ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിലെ ജേണലിസ്റ്റ് യൂണിയന്‍ ചെയര്‍മാനായിരുന്ന മഫാസ് യൂസുഫ് സാലെഹ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ ഇന്ത്യ എന്നും ഫലസ്തീനെയും അതിന്റെ ആവശ്യങ്ങളെയും പിന്തുണച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ് അധ്യക്ഷത വഹിച്ചു. ഫലസ്തീന്‍ അതോറിറ്റി മുന്‍ പ്രധാന മന്ത്രി ഇസ്മാഈല്‍ ഹനിയ്യ വീഡിയോ കോണ്‍ഫറന്‍സിലൂടെ സദസ്സിനെ അഭിമുഖീകരിച്ചു. ബിനോയ് വിശ്വം, ഒ. അബ്ദുറഹ്മാന്‍, കെ.പി രാമനുണ്ണി, ഡോ. ഹുസൈന്‍ മടവൂര്‍, കെ.ഇ.എന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അഫീദ അഹ്മദ്, ആദില്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി അന്‍വര്‍ നന്ദിയും പറഞ്ഞു.