കോഴിക്കോട്: ഇസ് ലാമുമായും മുസ് ലിംകളുമായും ബന്ധപ്പെട്ട ഏത് കാര്യത്തെയും ഭീതിയോടെയും സംശയത്തോടെയും കാണുന്ന പ്രവണത ലോകത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ അധികാര-ഫാഷിസ്റ്റ് ശക്തികള്‍ ഇത്തരം പ്രവണതകളെ ഉപയോഗപ്പെടുത്തികൊണ്ടിരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്ലാമോഫോബിയക്കെതിരെ സര്‍ഗാത്മകമായ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരണമെന്ന് മാധ്യമം-മീഡിയാ ഒണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ.അബ്ദുര്‍റഹ്മാന്‍. സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് പുറത്തിറക്കിയ 'ഇസ്ലാമോഫോബിയ പ്രതിവിചാരങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഇവിടെ പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ കൊച്ച് പുസ്തകം ഏറ്റുവാങ്ങി. പിന്നാക്ക-ദലിത് വിഭാഗങ്ങളും മുസ്ലിംകകളും മറ്റ് ന്യൂനപക്ഷങ്ങളും തങ്ങളുടെ അസ്ഥിത്വം തന്നെ നിലനിര്‍ത്താന്‍ പ്രയാസപ്പെടുന്ന ഘട്ടത്തില്‍ ഇസ്ലാമോഫോബിയയെ അക്കാദമികമായി കാണുകയും അതിനെ സമൂഹത്തില്‍ ചര്‍ച്ചയാക്കുകയും ചെയ്യല്‍ അനിവാര്യമാണെന്ന് കെ.കെ കൊച്ച് പറഞ്ഞു. എഡിറ്റര്‍ ഡോ. വി. ഹിക്മതുല്ല പുസ്തകം പരിചയപ്പെടുത്തി. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. തേജസ് ദിനപത്രം എഡിറ്റര്‍ എന്‍.പി. ചെക്കുട്ടി, കാലടി സംസ്‌കൃത സര്‍വകലാശാല പ്രൊഫസര്‍ ഡോ. ഷംസാദ് ഹുസൈന്‍, ആര്‍.ജി.സി സ്റ്റേറ്റ് ഇന്‍ ചാര്‍ജര്‍ അനൂപ് .വി.ആര്‍, മീഡിയാവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ്, ഐ.പി.എച്ച് അസി: എഡിറ്റര്‍ കെ.ടി. ഹുസൈന്‍, എസ്.ഐ.ഒ സെക്രട്ടറി റഹീം ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.പി ജുമൈല്‍ സ്വാഗതവും ജില്ലാ വൈസ് പ്രിസിഡന്റ് നൂഹ് ചേളന്നൂര്‍ നന്ദിയും പറഞ്ഞു. സോളിഡാരിറ്റി യൂനിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച ഇസ്ലാമോഫോബിയ കോണ്‍ഫറന്‍സിന്റെ പേപ്പറുകളും, കേരളത്തിലെ ഇസ്ലാമോഫോബിയയെ വ്യക്തമാക്കുന്ന ഗവേഷണങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇസ് ലാമിക് പബ്ലിഷിംഗ് ഹൗസാണ് പുസ്തകത്തിന്റെ വിതരണം.