കോഴിക്കോട്: ഗെയില്‍ സമരത്തിനെതിരെ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇസ്ലാംഭീതിയാണ് വ്യക്തമാക്കുന്നതെന്ന് സോളിഡാരിറ്റി യൂത്ത്മുവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. ഗെയില്‍ സമരത്തില്‍ ചില മുസ്ലിം സംഘടനകള്‍ സജീവമായി പങ്കെടുക്കുന്നതിനാല്‍ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതാവസ്ഥയിലേക്ക് ജനങ്ങളെ കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് സി.പി.എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പ്രവാചകനും മുസ്ലിംകള്‍ക്കും മുസ്ലിംസംഘടനകള്‍ക്കുമെതിരെ സി.പി.എം പോലുള്ള മുഖ്യധാരാ ഇടത് പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്ന ഇസ്ലാമോഫോബിയയുടെ പ്രകടനമാണിത്. സംഘ്പരിവാറും മറ്റും മുസ്ലിം അപരനെ സൃഷ്ടിച്ചെടുക്കുന്നതിന് ഉന്നയിക്കുന്ന അതേ ന്യായങ്ങളാണ് സി.പി.എം ഉന്നയിക്കുന്നുത്. ഇത്തരം ഇസ്ലാമോഫോബിയ വാദങ്ങളിലൂടെ മുസ്ലിം-ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തിപകരുകകൂടിയാണ് ഇടതുപക്ഷം ചെയ്യുന്നത്. കേരളത്തില്‍ ഇതിന് മുമ്പും ധാരാളം സമരങ്ങളില്‍ മതസമൂഹങ്ങളും മതസംഘടനകളും പങ്കെടുത്തിട്ടുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയും മറ്റും സമാനരീതിയില്‍ വിവിധ മതവിഭാഗങ്ങള്‍ സംഘമായി അണിനിരന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും ഉന്നയിക്കാത്ത വര്‍ഗീയാരോപണവുമായി സി.പി.എം രംഗത്തെത്തുന്നത് ഇസ്ലാം-മുസ്ലിം പേടിയുടെയും അപരനിര്‍മാണത്തിന്റെയും ഭാഗമാണെന്നും പി.എം സാലിഹ് കൂട്ടിച്ചേര്‍ത്തു.