തൃശൂർ: സംഘ് പരിവാർ ഫാഷിസം രാജ്യത്തെ അപായപ്പെടുത്തുന്ന സങ്കീർണ്ണ സാഹചര്യത്തെ മറികടക്കാൻ ഫാഷിസ്റ്റ് ഭീഷണികളെ യുവാക്കൾ സർഗാത്മകമായി പ്രതിരോധിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. പെരുമ്പിലാവിൽ നടന്ന സോളിഡാരിറ്റി സംസ്ഥാന നേതൃസംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പത്ത് വർഷം രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായി വിരമിക്കവെ, ഇന്ത്യയുടെ വർത്തമാനകാല അവസ്ഥയിൽ തന്റെ അസ്വസ്ഥത പ്രകടിപ്പിച്ച ഡോ. ഹാമിദ് അൻസാരിയോട് സ്വസ്ഥത കിട്ടുന്ന നാട്ടിലേക്ക് പോയിക്കൊള്ളൂ എന്ന് ആക്രോശിക്കുന്ന ഭീകതയാണ് ഇന്ത്യൻ ഭരണ വ്യവസ്ഥയെ നയിക്കുന്നത്. പാർശ്വവൽകൃത സമൂഹം എന്ന നിലക്ക് മുസ്‌ലിം സമുദായത്തിന്റെ ശാക്തീകരണം, രാജ്യം നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളിൽ പ്രധാനപ്പെട്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സെഷനുകളിൽ ടി മുഹമ്മദ് വേളം, സഫീർ ഷാ, അബ്ദുൽ ഹമീദ് വാണിയമ്പലം, സുലൈമാൻ അസ്ഹരി , ഡോ. സക്കീർ ഹുസൈൻ, എസ്.എം സൈനുദ്ദീൻ, സാദിഖ് ഉളിയിൽ, ഡോ.വി.എം.നിഷാദ്, ഹമീദ് സാലിം, സി.എ നൗഷാദ്, മുഹ്സിൻ ഖാൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും ജില്ല പ്രസിഡന്റ് ആരിഫ് തൃശൂർ നന്ദിയും പറഞ്ഞു