തിരുവനന്തപുരം: ഇന്ത്യയിലെ നിലവിലെ ഭരണകൂടം പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അത് നാടിന് ആപത്താണെന്നും കെ.മുരളീധരന്‍ എം.എല്‍.എ. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സ്വാതന്ത്ര്യ ദിനത്തില്‍ 'സംഘപരിവാര്‍ ഭ്രാന്തന്‍ ദേശീയതക്കെതിരായ ഫ്രീഡം സ്‌ക്വയര്‍' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും വിഭാഗീയത പ്രോത്‌സാഹിപ്പിക്കുകയാണ്. ഇത് അവസാനം കണ്ടത് തിരുവനന്തപുരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകെന്റെ മരണത്തിലാണ്. രാഷ്ട്രീയ സംഘട്ടനങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു വിഭാത്തിന്റെ മാത്രം വീടുകള്‍ സന്ദര്‍ശിക്കുകയും അതിന് ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുകയുമാണ് കേന്ദ്രം ചെയ്തത്. ഇത് പക്ഷപാതപരമാണ്, പുറ്റിങ്ങല്‍ അപകടം മുതല്‍ നാമിത് കാണുകയാണ. ഇന്നത്തെ ഇന്ത്യയില്‍ ഒരാളുടെ മതവും രൂപവും അയാള്‍ കൈവശം വക്കുന്ന മാംസവും കൊല്ലപ്പെടാനുള്ള കാരണങ്ങളായി മാറിയിരിക്കുകയാണ്. രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ സമണ്‍ ചെയ്‌തെന്ന തരത്തിലുള്ള ഗവര്‍ണറുടെ നടപടികളോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ് സ്വാഗതം പറഞ്ഞു. ദേശീയതയെ എല്ലാ കൊള്ളരുതായ്മകളുടേയും മറയായി ഭരണകൂടം മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ തങ്ങളുടെ ദേശസ്‌നേഹം പ്രകടിപ്പിച്ചിരുന്നത് പല ഭാഷകളിലായിരുന്നു. ഇത്തരം വൈവിധ്യങ്ങളാണ് രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ആധാരശിലയെന്നും അത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടത് സഹയാത്രികനും രാഷ്്ട്രീയ നിരീക്ഷകനുമായ ചെറിയാന്‍ ഫിലിപ്പ്, മാധ്യമ നിരൂപകന്‍ ഭാസുരേന്ദ്രബാബു, സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍. അജയന്‍, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് കെ.എ ഷെഫീക്ക്, പാളയം ഇമാം മൗലവി വി.പി സുഹൈബ്, ഫ്രട്ടേണിറ്റി പ്രതിനിധി ഷംസീര്‍ ഇബ്രാഹീം, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് എച്ച്.ഷഹീര്‍ മൗലവി എന്നിവര്‍ പങ്കെടുത്തു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സമീര്‍ തുണ്ടില്‍ സ്വാഗതവും വൈസ്പ്രസിഡന്റ് അഫ്‌സല്‍ നന്ദിയും പറഞ്ഞു.