പറവൂര്‍: മാനവ വിരുദ്ധവും അപരനെ ശത്രുവായും കാണുന്ന പ്രത്യയ ശാസ്ത്രമാണ് ഫാസിസം. ഈ പ്രത്യയ ശാസ്ത്രത്തെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി പ്രസ്താവിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പറവൂരില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റുകളുടെ താല്‍പര്യങഅങള്‍ക്ക് വേണ്ടി ജനവിരുദ്ധ നടപടികള്‍ രാജ്യ സ്നേഹം എന്ന പേരില്‍ നടപ്പാക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിച്ചിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒളിയമ്പെയ്തുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരാണ് ഇപ്പോള്‍ രാജ്യ സ്നേഹം പഠിപ്പിക്കുന്നത്. ഈ രാജ്യ സ്നേഹം തിയറ്ററില്‍ ദേശീയ ഗാനം ചൊല്ലുമ്പോള്‍ എഴുനേറ്റു നില്‍ക്കാത്ത മുടന്തനെപ്പോലും അക്രമിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. യഥാര്‍ത്ഥ ഹൈന്ദവതക്ക് നേരെ വിപരീതമായ സങ്കല്‍പങ്ങളാണ് ഇന്നിവര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിമത ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്നു. ജനാധിപത്യത്തെ ഉപയോഗിച്ച് ഭരണഘടനാമൂല്ല്യങ്ങളെ തകര്‍ക്കുന്നു,. ഇതിനെതിരെ ശക്തമായ പൊതുജന പ്രതിരോധം വളര്‍ന്ന് വരണമെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥയേക്കാള്‍ ഭീതിതമായ അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച പി.കെ. പോക്കര്‍ പറഞ്ഞു. സാഹിത്യ കാരന്മാര്‍ മൃത്യുഞ്ജയ ഹോമം നടത്തിയില്ലെങ്കിലും. ഫാസിസത്തിനെതിരെ ജനങ്ങളൊന്നടങ്കം പോരാടുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തി പത്തൊമ്പതിലെ തെരഞ്ഞെടുപ്പിന് ശേഷം ഇനിയൊരു തെരഞ്ഞെടുപ്പ് പോലും ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു എന്ന് തുടര്‍ന്ന് സംസാരിച്ച സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. സംവാദത്തിലൂടെ ഫാസിസത്തെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസത്തിനെതിരെ കരുത്തുറ്റ നിലപാട് സ്വീകരിക്കേണ്ട മറുപക്ഷം പകച്ചു നില്‍ക്കുന്ന കാഴ്ച അപകടകരമാണെന്ന് തുടര്‍ന്ന് സംസാരിച്ച ജമാഅത്തെ ഇസ്്ലാമി സംസ്ഥാന സമിതിയംഗം കെ.എ. യൂസുഫ് ഉമരി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വവും ഇടതുപക്ഷത്തിന്റെ മൃദുമതേതരത്വവുമാണ് ഫാസിസത്തിന്റെ വളര്‍ച്ചക്ക് സഹായകമായത്. എല്ലാത്തിനെയും സമീപിക്കുന്ന നിലപാട് സ്വീകരിക്കാതെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ ഇടതുപക്ഷം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. അജയ് ശേഖര്‍, നജ്്മല്‍ ബാബു, ജമാഅത്തെ ഇസ്്ലാമി ജില്ലാ പ്സിഡന്റ് എം.കെ. അബൂബക്കര്‍ ഫാറൂഖി എന്നിവര്‍ പ്രസംഗിച്ചു. കവി സച്ചിദനന്ദന്റെ സന്ദേശം അവതരിപ്പിച്ചു. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് പ്രമേയം അവതരിപ്പിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് പ്രമേയം അവതരിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അനസ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.