സ്വപ്നങ്ങള്‍ കാണുന്നവരാവണം വിദ്യാര്‍ഥികള്‍ -പി മുജീബുറഹ്്മാന്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ വലിയ സ്വപ്നങ്ങള്‍ ജീവിതത്തിലുണ്ടാവണമെന്നും അവ സാക്ഷാല്‍ക്കരിക്കാന്‍ കഠിനമായി അവര്‍ അദ്ധ്വാനിക്കണമെന്നും പീപ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി മുജീബുറഹ്മാന്‍. സോളിഡാരിറ്റി കേരളയുടെ കമ്മ്യൂണിറ്റി ഡെവലെപ്‌മെറ്റിന്റെ ഭാഗമായി മാറാട് പ്രദേശത്തെ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച അനുമോദനയോഗവും ഇഫ്ത്വാര്‍സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തിന്റെയും വികസനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാവുള്ളൂ. വിദ്യാഭ്യാസം നേടാന്‍ പര്യാപ്തമായ സൗകര്യങ്ങള്‍ ദീര്‍ഘദൃഷ്ടിയോടെ ആസൂത്രണം ചെയ്യാന്‍ സാധിക്കണം. എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് വിദ്യാഭ്യാസം. എന്തു വിലകൊടുത്തും അത് നേടിയെടുക്കാന്‍ നാം ജാഗരൂകരായിരിക്കണം. അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാദിഖ് ഉളിയില്‍ അദ്ധ്യക്ഷനായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് വി.പി ബഷീര്‍ റമദാന്‍ സന്ദേശം നല്‍കി. തെരഞ്ഞടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം സോളിഡാരിറ്റി വര്‍കിംഗ് കമ്മിറ്റിയംഗം ഹാമിദ് സാലിം നിര്‍വ്വഹിച്ചു. വര്‍കിംഗ് കമ്മിറ്റിയംഗം എസ്.എം സൈനുദ്ദീന്‍ സ്വാഗതവും ജില്ലാ സേവന സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്‌നുഹംസ നന്ദിയും പറഞ്ഞു.