മുസ്ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ പുതിയ നിയനിര്‍മാണങ്ങളിലൂടെയും ഭരണപരമായ നടപടികളിലൂടെയും കവര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജെ.എന്‍.യു പ്രൊഫസര്‍ എ.കെ രാമകൃഷ്ണന്‍. യു.എ.പി.എ പോലുള്ള നിയമനിര്‍മാണം വഴി മുസ്ലിംകള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിം യുവാക്കള്‍ക്ക് പൗരവകാശങ്ങള്‍ ബാധകമാകാത്ത സാഹചര്യത്തിലേക്കാണ് രാജ്യം പോകുന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റ് കാമ്പസില്‍ നടക്കുന്ന ഇസ്ലാമോഫോബിയ അന്താരാഷ്ട്ര സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന പാനല്‍ ഡിസ്‌കഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് ഇസ്ലാംഭീതിയുടെ ദീര്‍ഘകാല ചരിത്രമുണ്ട്. ദേശീയതയുടെ രൂപീകരണം നടന്നത് ഇസ്ലാമിനെയും മുസ്ലിമിനെയും പുറത്തു നിര്‍ത്തിയാണ്. ജാതീയത വ്യവസ്ഥാപിതമായി നൂറ്റാണ്ടുകളോളം നിലനിന്ന സാഹചര്യവും നിയോലിബറല്‍ സാമ്പത്തിക ഘടനക്കുവേണ്ടിയുള്ള ശ്രമങ്ങളും കൂടു ചേര്‍ന്നതോടെയാണ് ദേശീയതയുടെ സാഹചര്യം സങ്കീര്‍ണമായത്. ഇത് മറികടക്കാന്‍ രാഷ്ട്രീയമായ ഇടപെടല്‍ മാത്രമല്ല സാംസ്‌കാരിക ഇടപെടലും ആവശ്യമാണെന്നും എ.കെ. രാമകൃഷ്ണന്‍ പറഞ്ഞു പോര്‍ച്ചുഗീസുകാരുടെ വരവ് മുതല്‍ തുടങ്ങുന്നതാണ് കേരളത്തിലെ ഇസ്ലാംഭീതിയുടെ ചരിത്രമെന്ന് ഹൈദരാബാദ് യൂനിവേഴ്സിറ്റി അസി. പ്രൊഫസര്‍ എം.ടി അന്‍സാരി അഭിപ്രായപ്പെട്ടു. ഇസ്ലാമിന്റെ നാഗരികമായ ഉള്ളടക്കമാണ് അതിനെ എതിര്‍സ്ഥാനത്ത് നിര്‍ത്താന്‍ കാരണമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ലിബറല്‍ വാദങ്ങളില്‍ കാപട്യമുണ്ടെന്നും ഗുജറാത്ത് കലാപത്തില്‍ പീഡിപ്പിക്കപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാതെ മുത്തലാഖുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഇഫ്ലു അസി. പ്രൊഫസര്‍ ബി.എസ്. ഷെറിന്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം പോലും സവര്‍ണ ഹിന്ദുത്വത്തെ ആന്തരവത്കരിച്ചതാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ശഹിന്‍ കെ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ സീനിയല്‍ ലെക്ചറര്‍ ഡോ.കെ.എസ്. മാധവന്‍ അധ്യക്ഷത വഹിച്ചു. ഇന്റര്‍ഫെയ്ത്ത് ഡയലോഗ് സെക്രട്ടറി വി.എ.എം. അഷ്റഫ്, ഗവേഷകരായ മുഹമ്മദ് ഷാ, താഹിര്‍ ജമാല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മാധ്യമ നിരൂപകന്‍ ഡോ. യാസീന്‍ അഷ്റഫ്, മാധ്യമ പ്രവര്‍ത്തകന്‍ കെ.പി. സേതുനാഥ്, ശബാബ് എഡിറ്റര്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വൈകിട്ട് 6.30 ന് നടന്ന സെഷനില്‍ 'ഇസ്ലാം ഭീതി കേരള ചരിത്ര രചനയില്‍', ഇസ്ലാം ഭീതിയുടെ വ്യാപനം മലയാള സാഹിത്യത്തില്‍ എന്നീ വിഷയങ്ങളില്‍ ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ അധ്യാപകന്‍ വി. ഹിക്മത്തുല്ല, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ശഹീന്‍ കെ. മൊയ്തുണ്ണി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. വെല്‍ഫയര്‍പാര്‍ട്ടി സംസ്ഥാന സമിതിയംഗം ടി. മുഹമ്മദ് വേളം, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന അന്താരാഷ്ട്ര ഇസ്ലാമോഫോബിയ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഇന്ന് ഉച്ചക്ക് 2 ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം പി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എ.പി. അബ്ദുല്‍ വഹാബ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ എന്നിവര്‍ സംസാരിക്കും.