മുന്‍ ഡിജിപി ഡോ. ടി പി സെന്‍കുമാര്‍ മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ വംശീയവും വര്‍ഗീയവുമായ മുന്‍വിധിയോടെയുള്ളതാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി എം സാലിഹ് പ്രസ്താവിച്ചു. മുസ്ലിം ജനസംഖ്യയുമായി ബന്ധപ്പെട്ടും ലൗ ജിഹാദുമായി ബന്ധപ്പെട്ടും സംഘ്പരിവാര്‍ സംഘടനകളും അവരുടെ മാധ്യമങ്ങളും പടച്ചുവിടുന്ന കുപ്രചാരണങ്ങള്‍ക്ക് ശക്തിപകരാനാണ് സെന്‍കുമാര്‍ ശ്രമിക്കുന്നത്. ഗോസംരക്ഷണ പേര് പറഞ്ഞ്, ആര്‍ എസ് എസ് അടക്കമുള്ള ഭീകരസംഘടനകള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും അവയെ ന്യായീകരിക്കുയുമാണ് അദ്ദേഹം ചെയ്യുന്നത്. വരുംകാലത്ത് കേന്ദ്രഭരണത്തിന് ഒത്താശ ചെയ്ത് സ്വന്തം നില ഭദ്രമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്. പോലിസ് ഉദ്യോഗസ്ഥതലങ്ങളിലുള്ള മുസ്ലിം വിരുദ്ധതയും വംശീയ മുന്‍വിധിയും മറനീക്കി പുറത്തുവരുന്നതുമാണ് ഇത്രയും കാലം ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന സെന്‍കുമാറിന്റെ പ്രസ്താവന. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ കാണിച്ച ഉദാസീനതയാണ് ഇത്തരം വര്‍ഗീയ പ്രസ്താവനകള്‍ക്ക് വളം നല്‍കിയതെന്നും അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.