തിരുവനന്തപുരം: 'സംഘ്പരിവാറിന്റെ ഭ്രാന്തന്‍ ദേശീയതക്കെതിരെ' സ്വാതന്ത്ര്യദിനത്തില്‍ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ നാളെ സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കും. സംസ്ഥാനതലത്തല്‍ നൂറിലധികം കേന്ദ്രങ്ങളില്‍ നടക്കുന്ന ഫ്രീഡം സ്‌ക്വയറുകളുടെ ഉദ്ഘാടനമാണ് തിരുവനന്തപുരത്ത് നടക്കുക. സംഘ്പരിവാര്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പൗരന്മാര്‍ക്ക് സ്വാതന്ത്ര്യം ഹനിച്ചുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റ് പിന്തുണയോടെയും അസത്യവര്‍ഗീയ പ്രചാരണങ്ങളിലൂടെയും ഭരണത്തിലേറിയ സംഘ്പരിവാര്‍ തങ്ങളുടെ ഭരണ പരാജയം മറച്ചുവെക്കാന്‍കൂടിയാണ് അക്രമങ്ങളും പ്രചാരണങ്ങളും ഉപയോഗപ്പെടുത്തുന്നത്. ഏറ്റവും അവസാനം, യു.പിയിലെ ഗൊരഖ്പൂരില്‍ കുട്ടികളുടെ മരണത്തെ അന്ധമായി ന്യായീകരിക്കുകയാണ് സംഘ് ശക്തികള്‍. രാജ്യത്തിന്റെ സാമ്പത്തിക-വികസന-കാര്‍ഷിക മേഖലകള്‍ ഒന്നൊന്നായി തകരുമ്പോഴും അതിനെ മറച്ചുവെക്കുന്ന വിധ്വേഷ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള യുവാക്കളുടെ സമരപ്രഖ്യാപനമായാണ് ഫ്രീഡം സ്‌ക്വയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് സോളിഡാരിറ്റി നേതാക്കള്‍ വ്യക്തമാക്കി. പരിപാടിയില്‍ കെ മുരളീധരന്‍ എം.എല്‍.എ, ടി.എ അഹ്മദ് കബീര്‍ എം.എല്‍.എ, സി.പി ജോണ്‍, വി ശിവന്‍കുട്ടി, ചെറിയാന്‍ ഫിലിപ്പ്, കെ.എ ഷഫീഖ്, വി.പി ശുഹൈബ് മൗലവി, ജെ ദേവിക, ഭാസുരേന്ദ്രബാബു, എച്ച് ശഹീര്‍ മൗലവി, ആര്‍ അജയന്‍, സമദ് കുന്നക്കാവ്, ശംസീര്‍ ഇബ്റാഹിം, എ ആദില്‍, തസ്നീം മുഹമ്മദ്, സമീര്‍ നീര്‍ക്കുന്നം എന്നിവര്‍ പങ്കെടുക്കും.