കോഴിക്കോട്: കോടതി ഉത്തരവിലൂടെ അടുത്ത ഒരു മാസത്തേക്കുകൂടി വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുന്ന ഹാദിയയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ സോളിഡാരിറ്റി ഹാദിയയുടെ വീട്ടിലേക്ക് വൈദ്യസംഘത്തെ അയക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. ഹാദിയയുടെ അഭിപ്രായവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പരിഗണിക്കണമെന്ന സുപ്രീംകോടതി നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ പിതാവിന്റെ സംരക്ഷണത്തിലെന്ന പേരില്‍ സംഘ്പരിവാറിന്റെയും പൊലീസിന്റെയും തടവില്‍ കഴിയുന്ന ഹാദിയയുടെ സുരക്ഷിതത്വം ഉറപ്പാക്കല്‍ കേരളാ സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. ഹാദിയക്ക് സ്വബോധത്തോടെയും ആരോഗ്യത്തോടെയും കോടതിയില്‍ ഹാജരാകാനുള്ള സാഹചര്യവും സംവിധാനവും ഒരുക്കേണ്ടത് സര്‍ക്കാറാണ്. എന്നാല്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇടത് സര്‍ക്കാര്‍ പ്രതിനിധികളും ഹാദിയയുടെ ആരോഗ്യ സ്ഥിതിയിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഹാദിയക്ക് വൈദ്യസഹായങ്ങള്‍ ലഭ്യമാക്കുകയെന്ന ഉത്തരവാദിത്തത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണ് സോളിഡാരിറ്റി വൈദ്യസംഘത്തെ അയക്കുന്നതെന്നും പി.എം സാലിഹ് കൂട്ടിചേര്‍ത്തു.