വൈക്കത്തെ ഹാദിയയുടെ വീട്ടിലേക്ക് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവരുടെ നേതൃത്വത്തില്‍ വൈദ്യസംഘവും പൗരാവകാശ പ്രവര്‍ത്തകരും നടത്തിയ യാത്ര കേരളം കാത്തിരുന്ന യാത്രയായിരുന്നു. സംഘ് പരിവാറിന്റെ ഏജന്‍സിയായി സര്‍ക്കാര്‍ ചെലവില്‍ വൈക്കത്തെത്തിയ കേന്ദ്ര വനിതാ കമ്മീഷന്‍ ഹാദിയ യുടെ സുരക്ഷിതത്വത്തെക്കുറിച്ച് വാതോരാതെ വാചാലരാവുകയും കേരളത്തിലെ മാധ്യമങ്ങള്‍ അതപ്പടി അച്ചുനിരത്തുകയും ചെയ്തപ്പോള്‍ നേരറിയാന്‍ കാത്തിരിക്കുകയായിരുന്നു കേരളം. എന്നാല്‍, കേന്ദ്ര വനിതാ കമ്മീഷന്‍ സംഘ്പരിവാറിന് വേണ്ടി പുറത്തുവിട്ട റിപ്പോര്‍ട്ടിന് തിരുത്തുണ്ടാവരുതെന്ന് പിണറായി സര്‍ക്കാറിന്റെയും ആവശ്യമായിരുന്നു. ഹാദിയ തടവിലായതിന് ശേഷം ഇന്നുവരെ സംഘ് പരിവാറിനുവേണ്ടി ഒത്താശ ചെയ്യുന്ന പിണറായിയുടെ കാവി പ്പോലീസില്‍നിന്ന് അതിനപ്പുറം പ്രതീക്ഷിക്കേണ്ടതുമില്ല. ഹാദിയയുടെ വീട്ടുപടിക്കലേക്ക് കേരളത്തിന്റെ സര്‍ഗാത്മക യൗവനവും വിദ്യാര്‍ഥി വിപ്ലവവും കടന്നുചെന്നപ്പോള്‍ അതിന് തടയിടാനെന്നവണ്ണം പോലീസിനൊപ്പം മുഖ്യധാരാമാധ്യമങ്ങളുമുണ്ടായിരുന്നു. ജനം ടി.വിയും ജന്‍മഭൂമിയും കൗശലപൂര്‍വം മൗനം പാലിക്കുകയും അവര്‍ക്കു വേണ്ടി കേരളത്തിന്റെ മതേതര മാധ്യമങ്ങള്‍ തൊണ്ടകീറുകയും ചെയ്യുന്ന കാഴ്ചക്കാണ് ഞങ്ങള്‍ സാക്ഷികളായത്. നരേന്ദ്ര മോഡിയുടെ കീഴിലുള്ള കേന്ദ്ര വനിതാ കമ്മീഷന്റെ സത്യസന്ധതയെക്കുറിച്ച് ഞങ്ങള്‍ക്ക് സ്റ്റഡിക്ലാസെടുക്കാനാണ് പോലീസും മാധ്യമങ്ങളും ശ്രമിച്ചത്. ഹാദിയയുടെ വീട്ടിലേക്ക് രാഹുല്‍ ഈശ്വറിനും കുമ്മനം രാജശേഖരനും ചുകപ്പുപരവതാനി വിരിച്ച പിണറായിയുടെ പോലീസ് കേരളത്തിലെ ജനകീയരായ വൈദ്യസംഘത്തിനും പൗരാവകാശ പ്രവര്‍ത്തകര്‍ക്കും നേരെ ചെക്ക് വിളിക്കാനാണ് ശ്രമിച്ചത്. ഹാദിയ വിഷയത്തില്‍ സംഘ്പരിവാറിനും മതേതര ഇടതുപക്ഷത്തിനും പൊതുവായ താല്‍പര്യങ്ങളുണ്ടെന്ന വിമര്‍ശനങ്ങള്‍ ശരിവെക്കുന്നതായിരുന്നു വൈക്കത്തുണ്ടായ നടപടി ക്രമങ്ങള്‍. സോളിഡാരിറ്റിയെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒന്നായിരുന്നു ഈ യാത്ര. സോളിഡാരിറ്റിയെന്ന ക്ഷുഭിതയൗവനത്തിന്റെ ഉറച്ച കാല്‍വെപ്പുകള്‍ സംഘ്പരിവാറിന്റെ അധികാരത്തിന്റെ കൊത്തളങ്ങളില്‍ പോലും പ്രതിധ്വനികളുയര്‍ത്തി എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. സോളിഡാരിറ്റിക്ക് ഒരു മുഴംമുന്നേ എറിയാന്‍ ഹാദിയ സന്ദര്‍ശനത്തിന് ഞങ്ങള്‍ പ്രഖ്യാപിച്ച ദിവസത്തിന്റെ തലേന്നു തന്നെ മോഡി ഭരണകൂടം വനിതാ കമ്മീഷനെ എഴുന്നെള്ളിച്ചത് ഈ ചെറുപ്പത്തിന്റെ വീര്യവും പോരാട്ടവും തിരിച്ചറിഞ്ഞത് കൊണ്ടായിരുന്നു. സോളിഡാരിറ്റി തൊടുത്തുവിട്ട വാക്കുകള്‍ അതിന്റെ ലക്ഷ്യത്തില്‍ തന്നെ തറച്ചിരിക്കുന്നു എന്നതിന് ഇതില്‍പരം മറ്റെന്ത് തെളിവുവേണം.