കോഴിക്കോട്: മാസങ്ങളായി വീ്ട്ടുതടവില്‍ കഴിയുന്ന ഹാദിയയെ സുരക്ഷിതമായി ആരോഗ്യത്തോടെ സുപ്രീംകോടതിയില്‍ ഹാജരാക്കാനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിലവില്‍ ഹാദിയയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വന്‍ സംഖ്യ ചെലവഴിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അവളുടെ ഡല്‍ഹിയിലേക്കുള്ള സുരക്ഷിതമായ യാത്രക്കും സംവിധാനമൊരുക്കണം. അതിനുള്ള സാമ്പത്തിക ചെലവ് സര്‍ക്കാര്‍ വഹിക്കണം. ഹാദിയക്ക് സംഭവിക്കാവുന്ന ഏതൊരു അപകടവും കേരളത്തിന്റെ മതേതരത്വത്തിനും സൗഹാര്‍ദാന്തരീക്ഷത്തിനും സംഭവിക്കുന്ന പരിക്കുകളായിരിക്കും. അതിനാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. എല്ലാ സുരക്ഷിതത്വവും ഉറപ്പാക്കി ഹാദിയയെ കോടതിയില്‍ ഹാജരാക്കാനുള്ള സൗകര്യമേര്‍പ്പെടുത്തണം. കോടതി ഹാദിയക്ക് നല്‍കാന്‍ ആവശ്യപ്പെട്ട സുരക്ഷയെ വീട്ടുതടവാക്കി മാറ്റിയ സംഘ്പരിവാറും അതിനെ പിന്തുണച്ച പൊലീസും സംസ്ഥാന വനിതാ കമ്മീഷനെ പോലും വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടില്ല. ഹാദിയ വീട്ടുതടവിലാണെന്നതിന് ഇതിനപ്പുറം തെളിവുകള്‍ വേണ്ടതില്ല. അതിനാല്‍ സര്‍ക്കാര്‍ ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ കെ.എന്‍.പണിക്കര്‍, സച്ചിദാനന്ദന്‍, സാറാ ജോസഫ്, കെ.വേണു, ബി.രാജീവന്‍, ഒ.അബ്ദു റഹ്മാന്‍, ജെ. ദേവിക, ഡോ. എ.കെ.രാമകൃഷ്ണന്‍, കെ.കെ. കൊച്ച്, ടി.ഡി.രാമകൃഷ്ണന്‍, സിവിക് ചന്ദ്രന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ.ഇ.വി.രാമകൃഷ്ണന്‍, അഡ്വ.പി.എ.പൗരന്‍, കെ.പി.ശശി, സമദ് കുന്നക്കാവ്, കെ.കെ.ബാബുരാജ്, ഡോ. ജമീല്‍ അഹ്മദ്, ഗോപാല്‍ മേനോന്‍