കോഴിക്കോട്: ഫാഷിസത്തിനെതിരെ വിവിധ ജനവിഭാഗങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. സോളിഡാരിറ്റി സംഘടിപ്പിച്ച ‘മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക’ എന്ന തലകെട്ടിലുള്ള കാമ്പയിനിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടനയെയും കോടതികളടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളെയും അപ്രസക്തമാക്കുന്ന നിലപാടുകളാണ് സംഘ്പരിവാര്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനെതിരെ ഇന്ന് വിവിധ ശബ്ദങ്ങള്‍ ഉയര്‍ന്ന് വരുന്നത് വലിയ പ്രതീക്ഷയാണ്. അവസാനം രാജ്യത്തെ പരമോന്നത കോടതിയിലെ തലമുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ രംഗത്തുവരികയുണ്ടായി. രാജ്യത്തോടും ജനതയോടുമുള്ള കടമ ഇനിയും അരുതായ്മകളെ മറച്ചുവെക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് അവര്‍ വിളിച്ച് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുളള ജനവിഭാഗങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റത്തിലേക്കുള്ള തുടക്കമാകട്ടെ ഈ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും പല രീതിയില്‍ ഹനിച്ചു കൊണ്ടിരിക്കുകയാണ് സംഘ്പരിവാര്‍. ഇത്തരം ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കിക്കൊണ്ടാണ് സോളിഡാരിറ്റി ‘മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക’ എന്ന തലക്കെട്ടില്‍ കാമ്പയിന്‍ സംഘടിപ്പിച്ചതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് പറഞ്ഞു.
ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ മുഖ്യതിഥിയായിരുന്നു. ധീരതയോടെ പ്രതിരോധങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഫാഷസത്തെ പ്രതിരോധിക്കാനാകൂ. വര്‍ഷങ്ങളുടെ സര്‍വീസിലെ അനുഭവത്തില്‍നിന്ന് ഞാന്‍ അതാണ് മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ ക്രൂരമായ കൊലചെയ്യപ്പെട്ട ബംഗാള്‍ സ്വേദേശി അഫ്രസുല്‍ ഖാന്റെ മകള്‍ ജോഷ്‌നാര ഖാത്തൂന്‍, അഫ്രസുല്‍ ഖാന്റെ സഹോദരന്‍ ശൈഖ് ബബ്ലു എന്നിവര്‍ സമ്മേളനത്തില്‍ അതിഥികളായിരുന്നു. തങ്ങളുടെ കുടുംബം ഫാഷിസത്തിന്റെ ക്രൂരതകള്‍ക്ക് നേരിട്ട് ഇരകളാവുകയായിരുന്നു. ദുഖിച്ചിരിക്കാതെ അതിനെതിരെ പ്രതിരോധങ്ങള്‍ സൃഷ്ടിക്കാനാണ് ഞങ്ങളുടെ തീരുമാനം. അതിന്റെ ഭാഗമായാണ് ഇത്രയും ദൂരംതാണ്ടി ഞങ്ങളിവിടെയെത്തിയതെന്നും ജോഷ്‌നാര പറഞ്ഞു.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി നേതാവ് ദൊന്ത പ്രശാന്ത്. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള, ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബ്‌റഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് എ റഹ്മത്തുന്നിസ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ്പ്രസിഡന്റുമാരായ സമദ് കുന്നക്കാവ്, എസ്.എം സൈനുദ്ദീന്‍ എന്നിവര്‍ സമ്മേളന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ.സി അന്‍വര്‍ നന്ദിയും പറഞ്ഞു. ഫാഷിസ്റ്റ് വിരുദ്ധ നാടകം ‘മരണമാച്ച്’ കള്‍ട്ട് നാടകസംഘം അവതരിപ്പിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി ആയിരക്കണക്കിന് യുവാക്കള്‍ പങ്കെടുത്ത യുവജനറാലി സംഘടിപ്പിച്ചു. രാജ്യത്തെ വിഴുങ്ങികൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന വിവിധ ആവിഷ്‌കാരങ്ങള്‍ റാലിയുടെ ഭാഗമായി അരങ്ങേറി. സോളിഡാരിറ്റി സംസ്ഥാന നേതാളായ പി.എം സാലിഹ്, ഉമര്‍ ആലത്തൂര്‍, സമദ് കുന്നക്കാവ്, എസ്.എം സൈനുദ്ദീന്‍, നൗഷാദ് സി.എ, ഡോ. വി.എം സാഫിര്‍, ഫാവാസ് ടി.ജെ, മിയാന്‍ ദാദ്, ടി ശാക്കിര്‍, ഷെഹിന്‍ കെ മൊയ്തുണ്ണി, മുഹ്‌സിന്‍ ഖാന്‍, ഹമീദ് സാലിം, സമീര്‍ കാളികാവ്, കെ.സി അന്‍വര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.