കോഴിക്കോട്: വീട്ടുതടങ്കലില്‍ നിന്ന് മോചിതയായ ഹാദിയ ഡല്‍ഹിയില്‍ വെച്ചും സേലത്ത് കോളേജില്‍ വെച്ചും പത്രപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ശിവശക്തി ഘര്‍വാപ്പസി കേന്ദ്രം അടച്ചുപൂട്ടണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിച്ച് വരുന്ന ശിവശക്തി യോഗാസെന്റര്‍ എന്ന പേരിലുള്ള ഘര്‍വാപ്പസി കേന്ദ്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് ശിവശക്തി യോഗാസെന്ററിനെതിരെ ഇരകള്‍ പരാതി നല്‍കുകയും ഹൈകോടതി ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് അന്വേഷണം നടത്തി കോടതിയെ അറിയിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതുമാണ്. എന്നാല്‍, കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ഹൈകോടതി ചൂണ്ടിക്കാണിക്കുകയും വീണ്ടും യോഗസെന്ററിനെ കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
താന്‍ തടവിലായിരുന്ന വേളയില്‍ 65 ലധികം പെണ്‍കുട്ടികളെ ഈ കേന്ദ്രത്തില്‍ കൊണ്ടുവന്നിരുന്നതായി ഒരു ഇര വെളിപ്പെടുത്തിയിരുന്നു. ലൈംഗിക പീഡനങ്ങള്‍ വരെ ആരോപണങ്ങളില്‍ ഉള്‍പെടുകയും ചെയ്തിരുന്നു. യോഗാസെന്ററിന്റെ  ഉത്തരവാദപ്പെട്ട ഒരാള്‍ 3000 പേരെ ഞങ്ങള്‍ ഘര്‍വാപ്പസിക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
ഇവക്കെല്ലാം പുറമേയാണ് ഇപ്പോള്‍ ഹാദിയയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. ശിവശക്തി യോഗാസെന്ററില്‍ നിന്ന് വന്ന സംഘം തന്നെ നിര്‍ബന്ധിച്ചും പീഡിപ്പിച്ചും മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്നാണ് ഹാദിയ ഇപ്പോള്‍  വെളിപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറും കേരളാ പൊലീസിന്റെ കാവലില്‍ വീട്ടുതടങ്കലിലായിരുന്ന ഹാദിയയുടെ അടുത്തേക്ക് ശിവശക്തി യോഗാസെന്റര്‍ സംഘം എത്തിയതെങ്ങനെയെന്ന് ഇടത് സര്‍ക്കാര്‍ അന്വേഷിക്കണം. വനിതാകമ്മീഷനെയും വൈദ്യസംഘത്തെയും സാമൂഹിക പ്രവര്‍ത്തകരെയും തടഞ്ഞ പൊലീസ് ഇവരെ ഹാദിയയുടെ അടുത്തേക്ക് കയറ്റിവിട്ടത് സംഘ്പരിവാര്‍ ശക്തികളുടെ വീട്ടുതടവിലായിരുന്നു ഹാദിയ എന്നത് അടിവരയിടുന്നുണ്ട്. കേരളത്തിലെ പൊലീസിനുള്ളിലെ സംഘ്‌സ്വാധീനത്തെ കുറിച്ചും സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് സ്വാലിഹ് ആവശ്യപ്പെട്ടു. നേരത്തെ കോടതി സര്‍ക്കാറിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട യോഗാസെന്ററിനെതിരെ ഇത്തരത്തില്‍ വീണ്ടും ആരോപണങ്ങളുയര്‍ന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ഉടനടി നടപടികളെടുക്കണം. ശിവശക്തി യോഗാസെന്റര്‍ അടച്ചുപൂട്ടുകയും അതിന്റെ നടത്തിപ്പുകാര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കുമെതിരെ അന്വേഷണം നടത്തുകയും വേണം. അതുപോലെ സമാന കേന്ദ്രങ്ങള്‍ക്കെതിരെ നടപടികളെടുക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
യോഗാസെന്ററിനെതിരെ നടപടിയാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക് സോളിഡാരിറ്റി പരാതി അയച്ചതായും പി.എം. സാലിഹ് അറിയിച്ചു