ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക്, ഇസ്രാഇന്റെയും മിഅ്‌റാജിന്റെയും നാടായ ഫലസ്ത്വീനില്‍നിന്ന്, ആത്മാഭിമാനത്തിന്റെ മണ്ണായ ഗസ്സയില്‍നിന്ന് സ്‌നേഹാഭിവാദ്യങ്ങള്‍. നിങ്ങളെ അഭിസംബോധന ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. ഇന്ത്യയിലെ സഹോദരങ്ങളോട് ആദ്യമായിട്ടാണ് ഞാന്‍ സംസാരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളും വ്യത്യസ്ത സാമൂഹിക പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും ചരിത്രപരമായി ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ഞങ്ങളോടൊപ്പമുണ്ട്. ദൈവാനുഗ്രഹത്താല്‍ അതങ്ങനെ തന്നെ തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഫലസ്ത്വീന്റെ സ്വാതന്ത്ര്യസമരത്തിനും ഇവിടത്തെ ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ഇന്ത്യയുടെ പിന്തുണ ഞാന്‍ അഭിലഷിക്കുന്നു.
ഖുദ്‌സിലെ സയണിസ്റ്റ് കടന്നുകയറ്റം പരാജയപ്പെടുകയും ഞങ്ങളുടെ സാഹസിക ചെറുത്തുനില്‍പ് വിജയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. തദ്‌സംബന്ധമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാമതായി പറയട്ടെ, അഖ്‌സ്വാ നിവാസികള്‍ ഒരു യുദ്ധത്തിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അതിനാല്‍തന്നെ ലോക ജനതയുടെ വലിയ പിന്തുണ അവര്‍ക്ക് ലഭിച്ചു. അവരുടെ ചെറുത്തുനില്‍പും പോരാട്ടവും സയണിസ്റ്റ് ഭീകരതക്കും അധിനിവേശത്തിനും എതിരിലായിരുന്നു. അഖ്‌സ്വാ പിടിച്ചടക്കി, ഖുദ്‌സ് കൈയേറി, അതിന്റെ പവിത്രത മലിനമാക്കി. ദിനേന ഈ തെറ്റ് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതിക്രമത്തിനെതിരായ വിജയമാണ് ഫലസ്ത്വീനികള്‍ ഇപ്പോള്‍ കൈവരിച്ചത്. അതുകൊണ്ടുതന്നെ ഈ വിജയം മഹത്തരമാണ്. കാരണം, വളരെ സങ്കീര്‍ണതകളിലൂടെയാണ് ഫലസ്ത്വീന്‍ ജനത മുന്നോട്ടുപോകുന്നത്. ഒരു ജനതയെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതിനാല്‍തന്നെ ഈ വിജയവും മുന്നേറ്റവും നിര്‍ണായകമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. പ്രയാസങ്ങള്‍ക്കിടയില്‍ നേടാനായ ഈ വിജയം ദൈവികമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ”വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സഹായിച്ചാല്‍ അവന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തും.”
ഭീകരമായ അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും നിഴലിലാണ് ഞങ്ങളുടെ ജനത; അംഗബലത്തിലോ വളരെ പരിമിതരും. വലിയൊരു സൈന്യത്തെയാണ് ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നത്. അവര്‍ക്കാകട്ടെ രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും മേഖലയില്‍ വലിയ മേല്‍ക്കൈയാണുള്ളത്. ഫലസ്ത്വീനികള്‍ ഈ രംഗത്തെല്ലാം വളരെ പിന്നിലാണ്. പക്ഷേ ഞങ്ങള്‍ ഒരു സന്ദര്‍ഭത്തിലും ഭൗതികമായ വിഭവങ്ങളല്ല അവലംബിച്ചത്. അതിന് ഞങ്ങള്‍ക്ക് സാധിക്കുകയുമില്ല. മികച്ച യുദ്ധസാമഗ്രികളും പടക്കോപ്പുകളുമല്ല ഞങ്ങളുടെ ആശ്രയം. ദൈവം കഴിഞ്ഞാല്‍ ഞങ്ങളുടെ ആശ്രയവും അവലംബവും സത്യവും ആദര്‍ശവുമാണ്. ചരിത്രപരമായും നിയമപരമായും ഈ ഭൂമി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന അടിയുറച്ച ബോധ്യം ഫലസ്ത്വീനികള്‍ക്കുണ്ട്. ഖുദ്‌സും അഖ്‌സ്വായും തങ്ങളുടെ ഹൃദയഭൂമിയാണെന്ന നിശ്ചയമാണ് അവരെ നയിക്കുന്നത്.
ഖുദ്‌സിനു വേണ്ടിയുള്ള പോരാട്ടം നിലക്കുകയില്ല. ഖുദ്‌സിന്റെ മോചനത്തിനപ്പുറം ഞങ്ങള്‍ക്കൊരു ലക്ഷ്യവുമില്ല. ഫലസ്ത്വീന്റെ മോചനം സാധ്യമാകുംവരെ ഈ പോരാട്ടം തുടരും. പിന്‍മടക്കമില്ലാത്ത സമരത്തിലൂടെ, ത്യാഗത്തിലൂടെ അധിനിവേശ ശക്തികളെ ഞങ്ങളുടെ നാട്ടില്‍നിന്നും ഞങ്ങള്‍ കെട്ടു കെട്ടിക്കും. അഖ്‌സ്വായെ മോചിപ്പിച്ച് അവിടെ പ്രാര്‍ഥന നിര്‍വഹിക്കണമെന്നാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. ശത്രുവിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഈ വിശുദ്ധമണ്ണില്‍ തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ലോകത്തെങ്ങുമുള്ള എല്ലാ വിഭാഗം ജനങ്ങളും ഇസ്‌ലാമിക സമൂഹവും ഈ പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ഥന.
ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനവും അതിലെ യുവജനങ്ങളും ആദര്‍ശവാദികളും വിശ്വാസദാര്‍ഢ്യതയുള്ള ചെറുപ്പക്കാരും ഖുദ്‌സിലെ തങ്ങളുടെ സഹോദരങ്ങളെ, അവരുടെ പോരാട്ടത്തെ സഹായിക്കുമെന്ന്, ചെറുത്തുനില്‍പ്പുകളെ പിന്തുണക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ഈ സമരപോരാട്ടങ്ങള്‍ നിയമപരമായ ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ചിലരൊക്കെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ ഞങ്ങളുടെ പോരാട്ടം ഭീകരതയല്ല. ഞങ്ങളുടെ പ്രതിരോധങ്ങളെ ഭീകരത എന്നാക്ഷേപിക്കുന്നവര്‍ അധിനിവേശത്തെ വെള്ളപൂശുകയാണ്. യഥാര്‍ഥത്തില്‍ അതാണല്ലോ ഭീകരത. ഞങ്ങള്‍ ഇന്നനുഭവിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളുടെയും ഉറവിടവും കാരണവും അധിനിവേശമാണ്.
ആഗോള മാടമ്പിത്തത്തെ ഞങ്ങളുടെ ജനതയുടെ മേല്‍ കയറൂരിവിടാനല്ലാതെ മറ്റൊന്നിനുമല്ല ഈ പ്രചാരവേലകള്‍. ഇതിനു മുന്നില്‍ പഞ്ചപുഛമടക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല. ഞങ്ങളുടെ അവകാശത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എന്തു വിലകൊടുത്തും അത് ഞങ്ങള്‍ വീണ്ടെടുക്കും. സയണിസത്തിന്റെ പത്തിമടങ്ങും വരെ ഞങ്ങള്‍ പൊരുതും. ഖുര്‍ആനില്‍നിന്ന്, ചരിത്രത്തില്‍നിന്ന്, അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ ദീര്‍ഘനാളത്തെ അനുഭവത്തില്‍നിന്നെല്ലാമാണ് ഈ തീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും പോരാട്ടത്തിന്റെയും ഉന്നതമായ മാതൃക ലോകത്തിന് പകര്‍ന്നുനല്‍കിയ ജനതയാണ് ഇന്ത്യക്കാര്‍. കോളനിശക്തികളില്‍നിന്ന് തങ്ങളുടെ നാടിനെ സ്വാതന്ത്ര്യത്തിലേക്ക് അവര്‍ മോചിപ്പിച്ചു. ഇതും ഞങ്ങള്‍ക്ക് പ്രചോദനമാണ്, ആവേശവും.
സമൂഹത്തിലെ ഒരു ശ്രേണിയെ മാത്രമല്ല ഞങ്ങള്‍ അഭിസംബോധന ചെയ്യുന്നത്; മുഴുവന്‍ വിഭാഗത്തെയുമാണ്. ഇസ്‌ലാമിക സമൂഹത്തെ പുനര്‍നിര്‍മിക്കാനാവുന്ന ഒരു പദ്ധതിയെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി നിലകൊള്ളുന്നത് അതിനു വേണ്ടിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിന്റെ സ്ഥാപകരെയും പണ്ഡിതന്മാരെയും നേതാക്കളെയും ഈ അവസരത്തില്‍ ഞാന്‍ സ്മരിക്കുകയാണ്. സയ്യിദ് മൗദൂദിയുടെയും അബുല്‍ ഹസന്‍ അലി നദ്‌വിയുടെയും ശൈഖ് മുഹമ്മദ് കാന്ദലവിയുടെയും ഗ്രന്ഥങ്ങള്‍ ഞാന്‍ സ്മരിക്കുകയാണ്. അവര്‍ മുന്നോട്ടുവെച്ച പദ്ധതികള്‍, ഇസ്‌ലാമിക സംസ്‌കൃതിയെക്കുറിച്ച കാഴ്ചപ്പാടുകള്‍ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുകയാണ്. ശഹീദ് ഹസനുല്‍ ബന്നായെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും ഞാന്‍ സ്മരിക്കുകയാണ്. ഫലസ്ത്വീന്റെ മോചനത്തിനായി പോരാടുന്ന ഏറ്റവും വലിയ പ്രസ്ഥാനമായ ഹമാസിന്റെ സ്ഥാപകനായ ധീരപോരാളി ശഹീദ് ശൈഖ് അഹ്മദ് യാസീനെ ഞാന്‍ ഓര്‍ക്കുകയാണ്. ഇതൊക്കെ മുന്നില്‍വെച്ച് നമുക്ക് പറയാനാകും ‘നമ്മുടെ ഭൂമി നാം വീണ്ടെടുക്കും. ഖുദ്‌സും അഖ്‌സ്വായും ഫലസ്ത്വീനും നാം വിമോചിപ്പിക്കും.’
നിങ്ങളോട് സംസാരിക്കാന്‍ സാധിച്ചതിലെ സന്തോഷം എന്റെ പേരിലും ഫലസ്ത്വീനികളുടെ പേരിലും നിങ്ങളെ അറിയിക്കുന്നു. ഞാനുറപ്പിച്ചു പറയുന്നു: ഞങ്ങള്‍ ഞങ്ങളുടെ നാടിനെ വഞ്ചിക്കുകയില്ല. പ്രതിരോധം ഞങ്ങള്‍ തുടരും. ഐക്യത്തോടെ തന്ത്രപരമായ ചുവടുകള്‍ ഞങ്ങള്‍ വെക്കും. മുന്നോട്ടുള്ള പ്രയാണത്തിലെ ഞങ്ങളുടെ അടിസ്ഥാനങ്ങള്‍ ഇതാണ്. സയണിസ്റ്റ് അധിനിവേശ ഭീകരതയെ ഭയന്ന് ഞങ്ങള്‍ പിന്നോട്ടു പോകില്ല. ദൈവത്തിന്റെ പ്രതിഫലം നിങ്ങള്‍ക്കുണ്ടാകട്ടെ. അവന്‍ നിശ്ചയിച്ചാല്‍ നമുക്ക് അഖ്‌സ്വായില്‍ ഒരുമിച്ചുകൂടാം, അവിടെ വെച്ച് കണ്ടുമുട്ടാം. ‘എപ്പോഴാണ് അത് സംഭവിക്കുക’ എന്ന് ചോദിക്കുന്നവരോട് ‘അത് ആസന്നമായിരിക്കുന്നു’ എന്നേ എനിക്ക് പറയാനുള്ളൂ.
ഇപ്പോള്‍ അഖ്‌സ്വായുടെ കവാടങ്ങളിലൂടെ അതിനകത്തേക്ക് പ്രവഹിക്കുന്ന പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍നിന്നുമുതിരുന്ന പ്രാര്‍ഥനകളും മുദ്രാവാക്യങ്ങളും അവരുടെ സാഷ്ടാംഗ പ്രണാമങ്ങളും ലോകത്തോട് പറയുന്നു; ‘ഫലസ്ത്വീന്‍ സ്വാതന്ത്ര്യം ആസന്നമായിരിക്കുന്നു’ എന്ന്. നേരില്‍ കാണുംവരേക്കും അഭിവാദ്യങ്ങള്‍!!

(സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഖുദ്‌സ് ഐക്യദാര്‍ഢ്യ സംഗമത്തിനായി നടത്തിയ പ്രഭാഷണം)