കോഴിക്കോട്: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും സിറയയിലേക്ക് കടത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ച് ഗുജറാത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ എന്‍.ഐ.എ നടപടികള്‍ ഏകപക്ഷീയവും മുന്‍വിധികളുടെ അടിസ്ഥാനത്തിലുള്ളതുമാണെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. ആയിശ എന്ന് പേര് മാറിയ പെണ്‍കുട്ടി ഭീഷണികളെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നതെന്നും നിയമപരമായി എന്റെ ഭാര്യയാണ് ആയിശയെന്നും വ്യക്തമാക്കി റിയാസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അതിന് പുറമേ മുഖ്യമന്ത്രിക്കും പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല, തന്റെ നീതിതേടിയുള്ള നടപടികള്‍ക്ക് എന്‍.ഐ.എയുടെ നടപടികള്‍ തടസ്സമാകുമെന്നും നീതിപൂര്‍വമായ നിയമനടപടികള്‍ക്ക് സംവിധാനമൊരുക്കണമെന്നും പരാതിയില്‍ റിയാസ് ആവശ്യപ്പെട്ടിരുന്നു.
ബംഗ്ലുരുവില്‍ പഠിക്കുന്നതിനിടെ കണ്ട് പ്രണയത്തിലായി വിവാഹിതരായതായിരുന്നു റിയാസും പെണ്‍കുട്ടിയും. പിന്നീട് അമ്മക്ക് അസുഖമാണെന്ന് അറിയിച്ച് പെണ്‍കുട്ടിയെ അച്ചനും വീട്ടുകാരും തടവിലാക്കിയിരുന്നു. റിയാസ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ പെണ്‍കുട്ടിയെ കോടതി അവളുടെ ആഗ്രഹപ്രകാരം റിയാസിന്റെയും കുടുംബത്തിന്റെയും കൂടെ വിടുകയായിരുന്നു. ഈ സമയത്ത് താമസ സൗകര്യമേര്‍പ്പെടുത്തിയതിനാണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പറവൂരിലെ ഫവാസ്, റിയാസ് എന്നിവരെ പൊലീസ് ആഴ്ചകള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തത്. ഇവിടെ പൗരന്മാര്‍ സ്വാഭാവികമായി നടത്തുന്ന ക്രയവിക്രയങ്ങളുടെ പേരില്‍ ഭീകരനിയമം ചുമത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുകയാണ് അധികാരികള്‍ ചെയ്തത്.
വിദേശത്ത് റിയാസിന്റെ കൂടെ പോയ പെണ്‍കുട്ടി അച്ചന് അസുഖമാണെന്ന് വിവരം ലഭിച്ചതിനാലും വിസിറ്റിഗ് വിസ കാലാവധി തീര്‍ന്നതിനാലുമാണ് തിരിച്ച് പോന്നതെന്ന് ഭര്‍ത്താവ് പറയുന്നു. നാട്ടിലെത്തിയ ശേഷം റിയാസുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങളും മുഖ്യമന്ത്രിക്കടക്കം റിയാസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ പെണ്‍കുട്ടിയുടെ പേരില്‍ ഹരജി വന്നതിന് ശേഷം പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും റിയാസ് പറയുന്നുണ്ട്. അതിനിടെയാണ് ഇപ്പോള്‍ നാട്ടിലെത്തിയ റിയാസിനെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ തനിക്കാകുമെന്ന് മുഖ്യമന്ത്രിയെ അടക്കം അറിയിച്ച റിയാസിന്റെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും ഏകപക്ഷീയമായ എന്‍.ഐ.എയുടെ നടപടിക്കെതിരെ നിയമസഹായം ലഭ്യമാക്കണമെന്നും പി.എം സാലിഹ് ആവശ്യപ്പെട്ടു.
കേരളത്തിലടക്കം ധാരാളം ഘര്‍വാപ്പസി പീഡനകേന്ദ്രങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ പെണ്‍കുട്ടി എവിടെയാണെന്ന് അന്വേഷിക്കാന്‍ പൊലീസും സര്‍ക്കാറും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.