യവനം ജീവിതത്തിന്റെ വര്‍ണ ശഭളിമയാണ്. അതിന് എന്നും ചില പ്രതീകങ്ങള്‍ ഉണ്ടാകാറുണ്ട്. ചോരത്തിളപ്പിന്റെ, ശക്തിയുടെ, സൗന്ദര്യത്തിന്റെ, വിപ്ലവത്തിന്റെ പ്രതീകങ്ങള്‍. ചെഗുവേര മുതല്‍ സിനിമാ നടന്മാര്‍വരെ നമ്മുടെ കാലത്തെ യൂത്ത് ഐക്കണുകളാണ്. എന്നാല്‍, ചരിത്രത്തിലെ നിത്യ ഹരിത യൂത്ത് ഐക്കണാണ് ഖുര്‍ആനിലെ യൂസുഫ്. അദ്ദേഹത്തിന്റെമേല്‍ ദൈവത്തിന്റെ സമാധാനമുണ്ടാവട്ടെ. ചെറുപ്പക്കാരന്‍, സുന്ദരന്‍, പോരാളി, വിജയി; ഒരു യൗവ്വന പ്രതീകത്തിനുവേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ വ്യക്തിത്വനക്ഷത്രമാണ് ഖുര്‍ആനിലെ യൂസുഫ്.
ജയില്‍വാസമനുഷ്ടിച്ച പോരാളിയാണ് യൂസുഫ്. ചരിത്രത്തില്‍ അത്ര സാധാരണമല്ലാത്ത ഒരു കാരണത്തിന് വേണ്ടിയാണ് യൂസുഫ് ജയില്‍ വരിച്ചത്. സാമൂഹ്യവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങളുടെ പേരില്‍ ചരിത്രത്തിന്റെ വ്യത്യസ്ത നാല്‍കവലകളില്‍ അനേകായിരങ്ങള്‍ കാരാഗൃഹം വരിച്ചിട്ടുണ്ട്. പക്ഷെ, സ്വന്തം സദാചാരത്തിന് വേണ്ടി ജയില്‍വാസം വരിച്ച അപൂര്‍വ പോരാളിയാണ് യൂസുഫ്. അദ്ദേഹം പ്രഖ്യാപിച്ചു: ‘നാഥാ അവര്‍ വിളിക്കുന്ന കാര്യത്തെക്കാള്‍ എനിക്കിഷ്ടം ജയിലാണ്.’ സാമൂഹ്യ രാഷ്ട്രീയ ബോധമുള്ള നിരവധി ചെറുപ്പക്കാര്‍ രാഷ്ട്രീയ കാരണങ്ങള്‍ക്കുവേണ്ടി ജയിലറയെ മണിയറയായി കാണുന്നവരാണ്. കാരാഗൃഹങ്ങള്‍ പോരാളികളുടെ പരിശീലന കളരികളാണ് എന്ന് വിശ്വസിക്കുന്നവരാണ്. പക്ഷേ, അപ്പോഴുമവര്‍ വ്യക്തിപരമായ സദാചാരത്തെ ഒരു പരിഗണനയായി കരുതാത്തവരായേക്കാം. അതൊരു താണ്ടികടക്കേണ്ട സാഹസികതയായി തോന്നാത്തവരായിരിക്കാം. പക്ഷേ, യൂസുഫ് കാരാഗൃഹസ്തനായത് വ്യക്തിവിശുദ്ധിക്ക് വേണ്ടിയായിരുന്നു. യവ്വനയുക്തനും, സുന്ദരനും, അവിവാഹിതനുമായ ഒരു ചെറുപ്പക്കാരനെ/ചെറുപ്പക്കാരിയെ സംബന്ധിച്ചിടത്തോളം സദാചാര സംരക്ഷണം അനായാസമായ കാര്യമല്ലെന്നാണ് യൂസുഫിന്റെ കഥനത്തിലൂടെ ഖുര്‍ആന്‍ പറയുന്നത്. ഏതു നിമിശവും വെല്ലുവിളികള്‍ ഉയര്‍ന്നു വരാവുന്ന പ്രശ്നമണ്ഡലമാണത്. വഴുക്കി വീഴാവുന്ന വരമ്പാണത്. താണ്ടികടക്കേണ്ട സാഹസികത. അതുകൊണ്ടാണ് യൂസുഫിന്റെ ചരിത്രം വെട്ടിത്തിളങ്ങുന്ന ഭംഗിയായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. സദാചാര സംരക്ഷണത്തെ യൗവ്വനത്തിന്റെ സാഹസികതയായി ഏറ്റെടുക്കാനുള്ള പ്രചോദനമാണ് യൂസുഫ്. വഴിവിട്ട ലൈംഗികതയല്ല ഒരു ചെറുപ്പക്കാരനെ മികച്ച ചെറുപ്പക്കാരനാക്കുന്നത്. ഏതു വെല്ലുവിളിക്ക് മുമ്പിലും അഴിഞ്ഞു പോകാത്ത സദാചാരത്തിന്റെ കെട്ടുറപ്പാണ്. അതിനുവേണ്ടി ഏതറ്റം വരെയും സഞ്ചരിക്കുന്ന സഹന മനസ്സാണ്. അതിനുവേണ്ടി കൈയ്യാമത്തെ പൂമാലയായും ജയിലറയെ മണിയറയായും സ്വീകരിക്കുന്ന വിപ്ലവ മനസ്സാണ്. സതാചാരത്തിന്ന് വേണ്ടിയുള്ള സൂര്യവെളിച്ചമുള്ള മഹാ ത്യാഗങ്ങള്‍ മാത്രമല്ല, ചെറിയ ചെറിയ സഹനങ്ങളും പോരാട്ടങ്ങളുമാണ് അകത്തും പുറത്തും കരുത്തുള്ള ചെറുപ്പത്തെ സൃഷ്ടിക്കുന്നത്.
എല്ലാവരും നന്നാവുമ്പോള്‍ ഞാനും നന്നാവാം ഞാന്‍ മാത്രമായട്ട് എന്തു നന്നാവാനാണ് എന്ന് കരുതുന്നവരാണ് നമ്മളധിക പേരും. എന്നാല്‍, സാമൂഹ്യ-രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്വയം അത്യധ്വാനം ചെയ്യാന്‍ നാം ഒരുക്കമാണ്. യൂസുഫ് എന്ന യൗവ്വന പ്രതീകം സാമൂഹ്യ പരിവര്‍ത്തനത്തെക്കുറിച്ച് പഠിപ്പിക്കുന്നത് മറ്റൊരു പാഠമാണ്. സമൂഹത്തില്‍ ആത്മീയമോ രാഷ്ട്രീയമോ ആയ പരിവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കെ തന്നെ ഒരു വ്യക്തിയുടെ അപാരമായ സദാചാര ഊര്‍ജം കൊണ്ട് രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ സാധ്യമാകും എന്ന പാഠം. ഈ രാഷ്ട്രീയ പരിവര്‍ത്തനം ആദര്‍ശ പരിവര്‍ത്തനത്തിനും നിമിത്തമാകും എന്ന അനുബന്ധം. ഒറ്റ വ്യക്തിയുടെ ധാര്‍മിക വിശുദ്ധികൊണ്ട് ചിലപ്പോള്‍ വലിയ രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന വിസ്മയമാണ് യൂസുഫ് പഠിപ്പിച്ചത്. അങ്ങനെ ജയില്‍ അധികാരത്തിലേക്കുള്ള കോണിപ്പടിയായി.
യൂസുഫിന്റെ സധാചാരം അരാഷ്ട്രീയ സാധുത്തരത്തിന്റെ പര്യായമായിരുന്നില്ല. സധാചാര നിഷ്ഠയുടെ നെറുകയില്‍വെച്ച് യൂസുഫ് രാജാവിനോട് അധികാരം ചോദിച്ചു. അധികാരത്തിനുള്ള അര്‍ഹത സദാചാരം മാത്രമായിരുന്നില്ല. രാജാവിന്റെ സ്വപ്നത്തെ അല്ല, രാജ്യത്തിന്റെ വരാനിരിക്കുന്ന യാഥാര്‍ഥ്യത്തെ യൂസുഫ് വ്യാഖ്യാനിച്ചു. ഭാവി പ്രതിസന്ധിക്ക് പരിഹാരം കാണിച്ചു കൊടുത്തു. അത് രാജാവിന് ബോധ്യമായി. താന്‍ തന്നെ നിര്‍ദ്ദേശിച്ച പരിഹാരത്തിന്റെ നടത്തിപ്പിനായി യൂസുഫ് അധികാരം ചോദിച്ചു വാങ്ങി. അധികാരത്തെ സധാചാരത്തെ തകര്‍ക്കുന്ന അപകടമായി കരുതുന്ന അരാഷ്ട്രീയതയായിരുന്നില്ല യൂസുഫിന് ധാര്‍മികത. അനിവാര്യമായൊരു ഘട്ടത്തില്‍ അധികാരം ചോദിക്കാതിരിക്കാന്‍ മാത്രം രാഷ്ട്രീയ രഹിതമായ വിനയവുമായിരുന്നില്ല യൂസുഫിന് സദാചാരം.
ഒരു തന്ത്രവും പ്രയോഗിക്കാന്‍ പാടില്ലാത്ത, പച്ചവെള്ളം ഊതിക്കുടിക്കുന്ന നിഷ്‌കളങ്കതയുമായിരുന്നില്ല യൂസുഫിന് വിശുദ്ധി. രാജ്യ നിയമപ്രകാരം വിദേശിയായ അനുചനെ കൂടെ നിര്‍ത്തണമെങ്കില്‍ അവന്റെ ധാന്യകെട്ടില്‍ അളവു പാത്രം നിക്ഷേപിക്കുകയല്ലാതെ വഴിയില്ലെന്നു വന്നപ്പോള്‍ യൂസുഫ് ആ തന്ത്രത്തിലൂടെ അനുജനെ ഒപ്പം നിര്‍ത്തി. ഏത് യൗവ്വനത്തെയും ആകര്‍ശിക്കുന്ന സുന്ദരനാണ് യൂസുഫ്. ഏത് ചെറുപ്പത്തെയും ത്രസിപ്പിക്കുന്ന വിജയിയായിരുന്നു അദ്ദേഹം. യൂസുഫിനെക്കാള്‍ കരുത്തും സൗന്ദര്യവുമുള്ള ഒരു യൗവ്വന പ്രതീകത്തിനും ചരിത്രം ജന്മം നല്‍കിയിട്ടില്ല. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, രാഷ്ട്രീയ ബോധമുള്ള സദാചാരമുള്ള യൂസുഫിന് മുമ്പില്‍ സാഷ്ടാഗം ചെയ്യുന്നു. അത്തരം ചെറുപ്പങ്ങള്‍ക്കാണ് ചരിത്രം കാത്തിരിക്കുകയും കാതോര്‍ക്കുകയും ചെയ്യുന്നത്.