കോഴിക്കോട്: രാജസ്ഥാനില്‍ അഫ്രസുല്‍ ഖാന്‍ എന്ന മുസ്‌ലിമിനെ അടിച്ച് വീഴ്ത്തി ജീവനോടെ തീകൊളുത്തിക്കൊന്ന സംഭവത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും പുലര്‍ത്തുന്ന നിസ്സങ്കത അപലപനീയമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ്. രാജ്യത്ത് പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടക്കുമ്പോള്‍ പ്രധാനമന്ത്രി ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നുണകള്‍ പ്രചരിപ്പിക്കുന്ന തിരക്കിലാണ്. ഇതുവരെ പ്രധാനമന്ത്രിയോ സര്‍ക്കാര്‍ പ്രതിനിധികളോ വിഷയത്തില്‍ പ്രതികരിക്കാന്‍ സന്നദ്ധരായിട്ടില്ല. മറ്റു ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുസമൂഹത്തിന്റെയും ഈ വിഷയത്തിലുള്ള പ്രതികരണമില്ലായ്മയും ഞെട്ടിക്കുന്നതാണ്.

ഡല്‍ഹിയിലെ നിര്‍ഭയ കൊലയിലും മറ്റും രാജ്യം ഒന്നാകെ പ്രതികരിച്ചിരുന്നെങ്കില്‍ എല്ലാവരും കാണുന്ന തരത്തില്‍ ക്രൂരതക്ക് ഇരയായിട്ടും വേണ്ടത്ര പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. ലൗജിഹാദ് പോലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി മുസ്‌ലിം ന്യൂനപക്ഷത്തെ ബ്രാന്റ് ചെയ്യാന്‍ അവസരങ്ങളുണ്ടാക്കിയ മാധ്യമങ്ങളും മതേതര പൊതുബോധവും ഈ കൊലപാതകത്തില്‍ കുറ്റക്കാരാണ്. ക്രൂരമായ കൊലപാതകങ്ങള്‍ നടക്കുന്നു എന്നത് മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ സാധാരണ സംഭവമായി വിലയിരുത്തപ്പെടുന്ന പൊതുബോധം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു സാമൂഹിക സാഹചര്യം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാന്‍ തന്നെയാണ് സംഘ്പരിവാര്‍ വംശീയമായ അക്രമങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത്. രാജ്യത്തെ ഭരണകക്ഷികളും പ്രതിപക്ഷ കക്ഷികളും മുസ്‌ലിം വിഷയങ്ങളില്‍ തെരഞ്ഞെടുപ്പിലെ നേട്ടകോട്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇടപെടുന്നതെന്നതിന് വ്യക്തമായ തെളിവാണിത്. ഇതിനെതിരായി മനുഷ്യ പക്ഷത്തുനിന്നുള്ളവരുടെ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.