മനുഷ്യരെന്ന നിലയില്‍ പരസ്പര ബന്ധങ്ങളും പരസ്പരാശ്രയങ്ങളും ബാധ്യതകളുമുള്ളവരാണ് നമ്മള്‍. ചുറ്റുമുള്ള ആളുകളോടും പരിസ്ഥിതിയോടുമെല്ലാം അതുകൊണ്ടുതന്നെ നമുക്ക് വലിയ ബാധ്യതകളുമുണ്ട്. സഹജീവികളുടെ, പരിസ്ഥിതിയുടെ സുരക്ഷിതത്വം, അവകാശങ്ങള്‍, സ്വാതന്ത്ര്യം ഇവയെല്ലാം സംരക്ഷിക്കുന്നത് ഓരോരുത്തരുടെയും കടമയാണ്.
ഇന്ന് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ വിലയിരുത്തുമ്പോള്‍ നമുക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ബോധ്യമാകും. സംഘ്പരിവാര്‍ രാജ്യത്തെ ഭിന്നതകളിലേക്കും വിദ്വേഷത്തിലേക്കും നയിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ പൗരാവകാശങ്ങളും മതത്തിന്റെയും ജാതിയുടെയും പേരില്‍ നിഷേധിക്കുകയാണ്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അവസാന സന്ദര്‍ഭങ്ങളില്‍ വലിയ പ്രശ്നങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് പൗരാവകാശങ്ങള്‍ക്കും സ്വാതന്ത്രത്തിനും വേണ്ടി നിലനില്‍ക്കല്‍ സോളിഡാരിറ്റി അതിന്റെ കടമായായി മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ‘മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക’ എന്ന തലക്കെട്ടില്‍ കാമ്പയിന്‍ നടത്താന്‍ സോളിഡാരിറ്റി യൂത്ത്മുവ്‌മെന്റ് തീരുമാനിച്ചത്.
ഇന്ന് സംഘ്പരിവാര്‍ രാജ്യത്ത് വിവിധ രീതികളില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്നു. ചരിത്രത്തില്‍ ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തന്നെ സവര്‍ണതയുടെ പേരില്‍ ആളുകളെ അടിച്ചമര്‍ത്താനും പാര്‍ശ്വവല്‍കരിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തില്‍ ഇത്തരം ശക്തികള്‍ പിടിമുറുക്കുകയും ചെയ്തിരുന്നു. ബാബരി പോലുള്ള വിഷയങ്ങളില്‍ നെഹ്റുവിനെ അടക്കം കുടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ജുഡീഷ്യറി, ഭരണസംവിധാനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയിലെല്ലാം ഈ സ്വാധീനം വളര്‍ന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പിലൂടെ നേരിട്ട് ഭരണത്തിലേറുകയും ചെയ്തിരിക്കുന്നു. ഒരു മറയുമില്ലാതെ സര്‍ക്കാറിന്റെയും ഭരണത്തിന്റെയും സംവിധാനങ്ങള്‍ മുസ്ലിംകള്‍ക്കും ദലിതര്‍ക്കും മറ്റ് ന്യൂനപക്ഷ-പിന്നാക്കവിഭാഗങ്ങള്‍ക്കും എതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. രാജസ്ഥാനില്‍ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശുസംരക്ഷണ കൊല നടത്തിയത് വെടിവെപ്പിലൂടെ പൊലീസ് തന്നെയായിരുന്നെന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്.
പശുസംരക്ഷണം, മതപരിവര്‍ത്തനം, എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കല്‍, ഇസ്ലാമോഫോബിയ എന്നീ വിവിധ തലങ്ങളിലൂടെ സംഘ്പരിവാര്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അവയെ തിരിച്ചറിയുന്ന വൈജ്ഞാനിക പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നാം ആവിഷ്‌കരിക്കേണ്ടതുണ്ട്.
സംഘ്പരിവാറിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ വളര്‍ച്ചയില്‍ ഇന്ത്യയിലെ ദേശീയ പാര്‍ട്ടികളും മതേതര പാര്‍ട്ടികളും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാണാം. വോട്ടും തങ്ങളുടെ നേട്ടങ്ങളും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ സംഘ് വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്. മുസ്ലിം വിരുദ്ധതയും അവരെകുറിച്ചുള്ള മുന്‍ധാരണകളും വളര്‍ത്തുന്നതില്‍ ഇടതുപക്ഷമടക്കമുള്ള മതേതര കക്ഷികള്‍ പങ്ക്‌വഹിച്ചിട്ടുണ്ട്. അവരൊക്കെ പുലര്‍ത്തുന്ന ഇസ്ലാം ഭീതിയുടെ ഗുണഭോക്താക്കളാകുന്നത് സംഘ്പരിവാറാണ്. കേരളത്തില്‍ ചര്‍ച്ചയായ മുസ്ലിം സ്ത്രീ, അവളുടെ വസ്ത്രം, സ്വാത്ന്ത്ര്യം, കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ 5ാം മന്ത്രി, പച്ച ബോര്‍ഡ്, നിലവിളക്ക് വിവാദങ്ങളെല്ലാം ഇതിന്റെ മികച്ച ഉദാഹണങ്ങളാണ്. കേരളത്തില്‍ സംഘ്ശക്തികള്‍ക്ക് ഒരു എം.എല്‍.എയെ ലഭിക്കുന്നതില്‍ ഇത്തരം വിവാദങ്ങള്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
എല്ലാ ഭീഷണികളെയും അതിജീവിച്ച് അതിജയിച്ച് കേരളത്തിന് മുന്നോട്ടുപോകേണ്ടതുണ്ട്. കേരളം സംഘ്പരിവാറിന് കീഴെതുങ്ങില്ല എന്ന് പ്രഖ്യാപിക്കാനാണ് സോളിഡാരിറ്റി കാമ്പയില്‍ നടത്തുന്നത്. സംഘ്ഫാഷിസത്തിന്റെ ദേശീയ-വംശീയ മുഖങ്ങളെ തുറന്ന് കാട്ടി അതിനെ എങ്ങിനെ പ്രതിരോധിക്കാനാകും എന്ന ആലോചനകളിലേക്ക് നയിക്കുന്ന പാഠശാല കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും. ഘര്‍വാപസിയെന്നത് സംഘ്പരവാര്‍ ഇപ്പോള്‍ കാര്യമായി നടത്തുന്ന പ്രവര്‍ത്തനമാണ്. അതിന് അനുകൂലമായ പൊതുബോധങ്ങള്‍ വളര്‍ത്താന്‍ ലൗജിഹാദ്, ജനസംഖ്യ-മൂലധന ഭീതി പോലുള്ള പ്രചാരണങ്ങളും കാണാം. ഇതിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ജനകീയ വിചാരണയും സംഘടിപ്പിക്കും. സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ വളര്‍ച്ചകളെ വിലയിരുത്തുന്നതും മതേതര പാര്‍ട്ടികളുടെയും പൊതുബോധത്തിന്റെയും ഈ വളര്‍ച്ചയിലെ പങ്കിനെ കുറിച്ചുമുള്ള ഒരു സെമിനാറും നടക്കുന്നുണ്ട്.
സംഘ്പരിവാറിന്റെ ഏറ്റവും വലിയ ആയുധം വിദ്വേഷവും പകയും ശത്രുതയുമാണ്. ഇവയെ പ്രതിരോധിക്കാന്‍ എല്ലാവരും തമ്മിലുള്ള അവസാനമില്ലാത്ത സാഹോദര്യത്തിനും സൗഹൃദത്തിനും മാത്രമേ സാധിക്കൂ. അഭിപ്രായവ്യത്യാസങ്ങള്‍ തുറന്ന് പറഞ്ഞ് നാടിന്റെ രക്ഷക്ക് ഒത്തുകൂടാന്‍ നമുക്കാവണം. നാട്ടിലെ വിവിധ വിഭാഗങ്ങളെയും മതങ്ങളെയും ചിന്താധാരകളെയും കൂട്ടിയിരുത്തി ഫാഷിസത്തിനെതിരെ സൗഹൃദകൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ കാമ്പയിനിന്റെ ഭാഗമായി യുവാക്കള്‍ മുന്നിട്ടിറങ്ങണം. സ്നേഹവും പരസ്പര ബഹുമാനവും വിദ്വേഷത്തിനും പകക്കും പകരം സമൂഹത്തില്‍ ഉയര്‍ന്ന് വരണം. അതിന് നന്മയുടെ ഭാഗത്ത് ചേരണം. നീതിയോടൊപ്പം നില്‍ക്കണം. ഇതിനായി സൗഹൃദകൂട്ടായ്മകള്‍ സംഘടിപ്പിക്കണം. അങ്ങിനെ നാടിന്റെ രക്ഷക്കായി നമുക്ക് കൈകോര്‍ക്കാം.