ഒരു കുറ്റവും ചുമത്താതെ വര്‍ഷങ്ങളായി വിചാരണ തടവുകാരനായി കഴിയുകയാണ് അബ്ദുന്നാസര്‍ മഅദനി. രണ്ട് പ്രാവശ്യമായി തമിഴ്‌നാട്ടിലും ബംഗളുരുവിലും ഇരുപത് വര്‍ഷമാണ് മഅദനി തടവില്‍ കഴിഞ്ഞത്. സംഘ്പരിവാര്‍ അക്രമത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട മഅദനി രണ്ടാമത് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പൂര്‍ണ രോഗിയായിരുന്നു. അന്നു മുതല്‍ ഡോക്ടര്‍മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും മഅദനിയുടെ ആരോഗ്യ സ്ഥിതി കോടതിയുടെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. കോടതി ആരോഗ്യ സ്ഥിതിയില്‍ ആശങ്കകള്‍ അറിയിച്ചിട്ടുപോലും വേണ്ട പരിഗണന നല്‍കാത്ത നിലപാടാണ് സര്‍ക്കാറും പൊലീസും പുലര്‍ത്തിയത്. കേസ് അവസാനിപ്പിക്കാനും കുറ്റപത്രം സമര്‍പ്പിക്കാനും സുപ്രീംകോടതി നല്‍കിയ അവസാന സമയം കഴിഞ്ഞിട്ട് കൊല്ലങ്ങള്‍ പിന്നിട്ടു. എന്നിട്ടും മഅദനിക്ക് നീതിലഭ്യമാക്കാനോ സ്വതന്ത്രമായ രീതിയില്‍ ചികിത്സ നടത്താനോ ഭരണകൂടം സമ്മതിച്ചില്ല.
കഴിഞ്ഞ ദിവസം വീണ്ടും മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവന്‍തന്നെ അപകടത്തിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. ഏതൊരു തടവുകാരനും ലഭിക്കുന്ന മാനുഷിക പരിഗണനകള്‍ പോലും കുറ്റപത്രം വരെ സമര്‍പ്പിക്കപ്പെടാത്തതില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കുറ്റക്കാരാണ്. കേരളത്തിലെ ഇടത് സര്‍ക്കാറാണ് മഅദനിയെ അറസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തത്. വലതുപക്ഷവും വേട്ടക്കാരുടെ പക്ഷത്ത് തന്നെയാണുണ്ടായിരുന്നത്. സര്‍ക്കാറും പ്രതിപക്ഷവും മറ്റ് രാഷട്രീയ പാര്‍ട്ടികളുമെല്ലാം ഒന്നിച്ച് ഈ പാപത്തിന്റെ കറ സ്വയം കഴുകി കളയേണ്ടതുണ്ട്. ജീവനോടെ മഅദനി ജയിലില്‍ നിന്ന് പുറത്തുവരണമെങ്കില്‍ തുറന്ന മനസ്സോടെ ഈ സമയത്ത് ഇടപെടണം. കാരണം, വൈകിയെങ്കിലും മഅദനിക്ക് നീതിയും മാനുഷിക പരിഗണനയും ലഭ്യമാക്കാനുള്ള അവസാന അവസരമാണിത്.