തിരുവനന്തപുരം: സംവരണാവകാശങ്ങൾ അട്ടിമറിക്കുന്നതിന്​ ഭരണത്തി​ന്റെ ഇടനാഴികളിൽ സവർണാധിപത്യ ശക്​തികൾ സജീവമാണെന്നും ഇത്തരം നീക്കങ്ങളെ തിരിച്ചറിയണമെന്നും  മുൻ മന്ത്രി ഡോ. നീലലോഹിതദാസ്​ നാടാർ. കേരള അഡ്​മിനിസ്​ട്രേറ്റീവ്​ സർവീസിലെ (കെ.എ.എസ്​) സംവരണ അട്ടിമറിക്കെതിരെ സോളിഡാരിറ്റി യൂത്ത്​മൂവ്​മെൻറ്​ നടത്തിയ നിയമസഭാ മാർച്ച്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ.എസിലെ സംവരണാവശകാശങ്ങൾ  ഇല്ലാതാക്കാൻ ഉന്നതങ്ങളിലെ ദല്ലാൾമാർ സജീവമായി പരിശ്രമിക്കുകയാണ്​. ഇത്തരം ഗൂഢശക്​തികൾക്ക്​  മുഖ്യമന്ത്രി വശംവദനാകരുത്​. സർക്കാർ സർവീസിലെ  സംവരണം നിഷേധിക്കപ്പെടുന്ന  പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുടെ വിപുലമായ കൺവെൻഷൻ വിളിച്ച്​ ചേർത്ത്​ ഇത്തരം നീക്കങ്ങളെ ചോദ്യം ചെയ്യുകയും ചെറുക്കുകയും വേണം. ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാൽ സംവരണ നിഷേധത്തെ തടയാൻ കഴിയും. വിഷയത്തിൽ സമാന മനസ്​കരെ കൂട്ടിയുള്ള ശക്​തമായ പ്ര​ക്ഷോഭം അനിവാര്യമാണ്​. ദേവസ്വം ബോർഡിലെ മുന്നാക്ക സംവരണം ശരിയായ നടപടിയല്ലെന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തി​ലെ ഇടതു സർക്കാരും കേന്ദ്രത്തിലെ ബി.​ജെ.പി സർക്കാറും  സംവരണ അട്ടിമറിക്ക്​ ഒരുപോലെ കൂട്ടു നിൽക്കുകയാണെന്ന്​ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കെ.എൻ.എ ഖാദർ എം.എൽ.എ പറഞ്ഞു. സംവരണത്തിനെതിരെ നിലപാടെടുക്കുന്ന ഉന്നതരുടെയും ഭരഭണാധികാരികളുടെയും എണ്ണം കൂടിവരികയാണ്​. സംവരണ സമുദായങ്ങൾക്കെതിരെ വർഷങ്ങളായി തുടരുന്ന നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുസർക്കാർ  സംഘ്​പരിവാർ അജണ്ടയിലേക്ക്​ നീങ്ങുകയാണെന്ന്​ ചടങ്ങിൽ അധ്യക്ഷത വഹിച്ച  സോളിഡാരിറ്റി സംസ്​ഥാന പ്രസിഡൻറ്​ പി.എം സ്വാലിഹ്​ പറഞ്ഞു. കെ.എ.എസി​ൽ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളോട്​ കടക്ക്​ പുറത്തെന്നാണ്​ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്​. സംവരണ നിഷേധ നിലപാടിൽ നിന്ന്​ സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്​ഥാന സെക്രട്ടറി റസാഖ്​ പാലേരി, അഡ്വ.കെ.പി മുഹമ്മദ്​, ഡോ.സതീഷ്​കുമാർ, കടയ്​ക്കൽ ജുനൈദ്​, ആർ.അജയൻ, പ്രഫ.ഇബ്രാഹിം റാവുത്തർ, കെ.എസ് കുഞ്ഞി, ഉമർ ആലത്തൂർ, സക്കീർ നേമം എന്നിവർ സംസാരിച്ചു