ആസിഫക്ക് നേരെ നടന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനക്കും നേരെ നടന്ന ഭീകരാക്രമണമാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലായ്മ ചെയ്യുമെന്ന വിപല്‍സന്ദേശമാണ് സംഘ്പരിവാര്‍ ഇത്തരം കിരാത നടപടികളിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ മുസ്ലിം സമൂഹത്തിന്റെ ആത്മധൈര്യത്തെ കെടുത്തി കളയാമെന്നാണ് സംഘ് പരിവാര്‍ ഫാഷിസ്റ്റുകള്‍ വ്യാമോഹിക്കുന്നത്. എന്നാല്‍, രക്തസാക്ഷികളാകുന്ന ഓരോ ആസിഫമാരുടെ രക്തവും മുസ് ലിം സമൂഹത്തിന് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജമാണ് പ്രസരിക്കുന്നത്. കാശ്മീരിലെ ജനങ്ങള്‍ക്ക് നേരെ എന്തുമാകാം എന്ന കേന്ദ്രഭരണകൂടത്തിന്റെ കിരാത നയത്തിന്റെ പ്രത്യാഘാതം കൂടിയാണ് ആസിഫയുടെ കൊല. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോള്‍ തന്നെ അവിടുത്തെ ജനങ്ങളെ ദേശീയതക്ക് പുറത്ത് നിര്‍ത്തുകയായിരുന്നു സ്വാന്ത്ര്യലബ്ദി മുതല്‍ നമ്മുടെ സര്‍ക്കാരുകള്‍. ദേശത്തിനകത്തും ദേശീയതക്ക് പുറത്തും അപരത്വം കല്‍പിക്കപ്പെട്ട ഇന്ത്യയിലെ വംശീയ വിഭാഗമായി കാശ്മീരികള്‍ മാറി. അവരോടുള്ള ഭരണകൂട വേട്ടകള്‍ അതിനാല്‍ ദേശ താല്‍പര്യമാണെന്ന് മനസിലാക്കപെട്ട് പോരുകയാണ്. പട്ടാളവും പോലീസും നടത്തുന്ന എല്ലാ അതിക്രമങ്ങളും ദേശതാല്‍പര്യത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടുന്നു.

ഇപ്പോള്‍ ആസിഫയെന്ന എട്ടു വയസുകാരിക്ക് നേരെ നടന്നത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്രൈമാണ്.
ഉന്‍മാദ ഹിന്ദുത്വ ഫാഷിസവും സാംസ്‌കാരിക ഭീകരദേശീയതയും അതിനോട് ഓരം ചേര്‍ന്ന് നില്‍ക്കുന്ന പോലിസ് സേനയും കാവിഭീകരവാദികളും ഈ കുറ്റകൃത്യത്തില്‍ തുല്യ പങ്കാളികളാണെന്ന് തെളിയിക്കപ്പെട്ടു. പ്രതികളില്‍ എട്ടില്‍ നാലും പോലീസ്‌കാരാണെന്ന് ഓര്‍ക്കണം. പ്രതികള്‍ക്ക് വേണ്ടി ദേശീയ പതാകയുമേന്തി ഐക്യദാര്‍ഢ്യ പ്രകടനം നടത്തിയത് ഹിന്ദു ഏകതാ മഞ്ചും സംഘ്പരിവാര്‍ പ്രവര്‍ത്തകരുമാണ്.
കുറ്റവാളികളെ രക്ഷിക്കാന്‍ കേന്ദ്രത്തിലെ ബി. ജെ. പി എം.പിമാരും മന്ത്രിമാരും ആയ
ലാല്‍ സിംഗും ചന്ദ്രപ്രകാശ് ഗംഗയും ആണ്. വംശഹത്യകളിലും വംശീയ വേട്ടകളിലും ബലാല്‍സംഗം ഒരു രാഷ്ട്രീയ ഉന്മൂലനായുധമായി സംഘ് പരിവാര്‍ ചരിത്രത്തിലെന്നും പ്രയോഗിച്ചിട്ടുണ്ടെന്നതും മറക്കരുത്.

ഏറെ ഭയപ്പെടുത്തുന്ന മറ്റൊന്ന് പറയാതിരിക്കാന്‍ വയ്യ. ആസിഫക്ക് വേണ്ടി കോടതിയില്‍ ഹാജരാവരുതെന്ന തിട്ടൂര മിറക്കിയിരിക്കുകയാണ് ബാര്‍ അസോസിയേഷന്‍ എന്നും ബാര്‍ അസോസിയേഷനില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന വനിതാ അഭിഭാഷക ദീപിക എസ് രജാവത്തിന്റെ വെളിപ്പെടുത്തലുമാണ് അത്. രാജ്യത്തിന്റെ നിയമവഴ്ചയെ ഫാഷിസം എങ്ങനെ തകിടം മറിക്കുന്നു എന്നതിന്റെ ലക്ഷണമാണിത്.
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഇത്തരം സംഘി ആള്‍കൂട്ട ഭീകരതയോട് സമൂഹം പുലര്‍ത്തുന്ന അപകടകരമായ മൗനം വെടിയണമെന്നാണ് സോളിഡാരിറ്റിക്ക് പറയാനുള്ളത്. നാഗ്പൂരല്ല നമ്മുടെ തലസ്ഥാനം; ഡല്‍ഹിയാണ്. ബഞ്ച് ഓഫ് തോട്ടല്ല, ഇന്ത്യന്‍ ഭരണഘടയാണ് നമ്മുടെ ജനാധിപത്യത്തിന്റെ ആധാരം. ഇത് ഇന്ത്യന്‍ തെരുവുകളില്‍ നട്ടെല്ല് നിവര്‍ത്തി പറയാന്‍ ഇന്ത്യയിലെ യുവാക്കള്‍ രംഗത്ത് വരണം.