കോഴിക്കോട്: വാരാപുഴയിൽ ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ ഉരുട്ടി കൊല ചെയ്യപ്പെട്ട സംഭവത്തിൽ അലുവ റൂറൽ എസ്.പി എ.വി ജോർജിനെതിരെ ആരോപണം ഉയർന്നിരിക്കെ അദ്ദേഹത്തെ പോലീസ് സേനയിൽ നിന്ന് പുറത്താക്കണമെന്ന് കേരള സർക്കാറിനോട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് ആവശ്യപ്പെട്ടു.
ജനമൈത്രി പൊലീസെന്നും ജനസൗഹൃദ പൊലീസെന്നും മുഖ്യമന്ത്രി ഒരു ഭാഗത്ത് പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ മറുവശത്ത് പൊലീസ് സേനയിൽ അനൗദ്യോഗിക സംഘങ്ങൾ രൂപീകരിച്ച് ജനങ്ങളെ അക്രമിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്.
പൊലീസ് സേനയുടെ മുസ് ലിം-ദലിത് വിരുദ്ധത ഇതിന് മുമ്പും പല തവണ പുറത്തു വന്നതാണ്. വർഷങ്ങൾ പൊലീസ് മേധാവിയായിരുന്ന സെൻകുമാർ സ്ഥാനമൊഴിഞ്ഞ ശേഷം നടത്തിയ സംഘ്പരിവാറിന് സമാനമായ മുസ് ലിം വിരുദ്ധ പ്രസ്ഥാവനകൾ ഇതിന്റെ വ്യക്തമായ തെളിവായിരുന്നു. പൊലിസ് സേനയുടെ സമാന മനസ്ഥിതിയുടെ മറ്റൊരു ഉദാഹരണമാണ് എ.വി ജോർജ്.
മഅദനിയുടെ അൻവാർശ്ശേരി സ്ഥാപനത്തിലെ റെയ്ഡ്, മഅദനിയുടെ ആദ്യ അറസ്റ്റ് പോലുള്ള കാര്യങ്ങളിൽ ജോർജിന്റെ പങ്ക് വ്യക്തമായിരുന്നു. ബീമാപള്ളി വെടിവെപ്പ്, കുമളി തീവ്രവാദ കേസ്, കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മഅദനിയടക്കമുള്ളവരെ പ്രതിചേർക്കാനുള്ള ശ്രമങ്ങൾ എന്നിവ ഇതിന്റെ തുടർച്ചയായിരുന്നു. ചില ദലിത് നേതാക്കളെ പിന്തുടർന്ന് നിരീക്ഷണമേർപ്പെടുത്തിയെന്ന ആരോപണവും വയനാട്ടിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തിനെതിരിൽ ഉണ്ടായിരുന്നു.അടുത്ത കാലത്തുണ്ടായ പറവൂർ മുജാഹിദ് പ്രവർത്തകരുടെ അറസ്റ്റ്, മാഞ്ഞാലിയിലെ കേസ്, കേരളത്തിൽ ചുമത്തപ്പെട്ട പല യു.എ.പി.എകൾ എന്നിവയിൽ ജോർജിന് പ്രധാന പങ്കുണ്ടായിരുന്നു.
ഇത്തരം മനുഷ്യവിരുദ്ധതയുടെ ഒരു തുടർച്ചയാണ് ഇപ്പോൾ ശ്രീജിത്തിന്റെ ഉരുട്ടിക്കൊലയിലും സംഭവിച്ചിരിക്കുന്നത്. പൊലീസ് സേനയിൽ ഗുണ്ടാസംഘങ്ങളെ വളർത്തുന്നതിലും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ പങ്ക് ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. അതുകൊണ്ട് സൗഹൃദ പൊലീസ് പ്രഖ്യാപനങ്ങൾക്കപ്പുറത്ത് സേനയിൽ നടക്കുന്ന ഗ്രൂപ്പ് രൂപീകരണങ്ങളെ കുറിച്ച് അന്വേഷണങ്ങൾ നടത്താനും എ.വി ജോർജിനെ പോലുള്ള ഉദ്യോഗസ്ഥരെ പുറത്താക്കാനുമാണ് സർക്കാറും മുഖ്യമന്ത്രിയും മുന്നോട്ടു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.