ആര്‍.എസ്.എസ് ക്രിമിനലുകള്‍ കഴിഞ്ഞ ദിവസം മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി അക്രമിച്ച ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീമിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍ ജലീലും കൂടെയുണ്ടായിരുന്നു.

മലപ്പുറത്ത് വ്യത്യസ്ത വ്യാജപ്രചാരണങ്ങള്‍ നടത്തിയും അതിന്റെ അടിസ്ഥാനത്തില്‍ അക്രമങ്ങള്‍ നടത്തിയും പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ തുടരുകയാണ്. തങ്ങളുടെ ആസ്ഥാനം അക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് നടത്തിയ പ്രകടനത്തില്‍ വ്യാപക അക്രമങ്ങളാണ് ഉണ്ടായത്. അത് കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണ് പത്രപ്രവര്‍ത്തകരെ ആര്‍.എസ്.എസ്‌കാര്‍ അക്രമിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്ന് കുറ്റക്കാരെ രക്ഷപ്പെടാന്‍ സഹായിക്കുന്ന നടപടികളുണ്ടായെന്ന് പത്രപ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.

ജില്ലയുടെ സമാധാനാന്തരീക്ഷം തകര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്ന സംഘ്പരിവാറിനെതിരെ നടപടികള്‍ക്ക് തയ്യാറാകാത്ത ഭരണകൂടം അക്രമിക്കപ്പെട്ടവരെ സംരക്ഷിക്കാനും ശ്രമിക്കുന്നില്ല. മാത്രമല്ല, ഹര്‍ത്താലിന്റെയും മറ്റും പേരില്‍ മുസ്‌ലിം യുവാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തിരിക്കുന്നു. മലപ്പുറത്ത് വാക്‌സിന്‍ കൊടുക്കാതിരുന്നാലും ബോംബെന്ന് സംശയിക്കുന്നതെന്തെങ്കിലും കണ്ടാല്‍ പോലും നടപടികളും അന്വേഷണങ്ങളും ഉണ്ടാകുകയും പത്രപ്രവര്‍ത്തകരെവരെ അക്രമിച്ചാലും വേണ്ടരീതിയില്‍ ഗൗരവത്തില്‍ നടപടികളുണ്ടാവാതിരിക്കുകയും ചെയ്യുന്നത് പൊലീസിന്റെയും സര്‍ക്കാറിന്റെയും മുന്‍വിധികളുടെ ഫലമാണ്. ഇത്തരം പ്രവണതകള്‍ തിരുത്തി പൊലീസ് ഫുആദിനെ അക്രമിച്ച എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ഭരണത്തിന്റെ അവസ്ഥയും അതിനെ നിലനിര്‍ത്തുന്ന ശൈലിയും വ്യക്തമാക്കുന്നതാണ് ഫുആദിനെ അക്രമിച്ച സംഭവം. സംഘ്പരിവാര്‍ തങ്ങള്‍ക്ക് അനുകൂലമായി പ്രചാരണങ്ങള്‍ നടത്തുന്നവരും തങ്ങളുടെ ആധിപത്യത്തിനും അക്രമങ്ങള്‍ക്കും കുഴലൂതുന്നവരുമായ പത്രങ്ങളെയും ചാനലുകളെയും പാലൂട്ടി വളര്‍ത്തി എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരെ, തങ്ങളുടെ പദ്ധതികള്‍ക്കെതിരെ ചെറുവിരലനക്കുന്നവരെ, ശബ്ദമുയര്‍ത്തുന്നവരെ നിലക്കു നിര്‍ത്താനും നിയന്ത്രിക്കാനും നിയമവും കോടതിയും വരെ ഉപയോഗിക്കുന്നു. അവിടെയും കീഴടങ്ങാത്തവരെ ആള്‍കൂട്ടങ്ങളെ വിട്ട് അക്രമിക്കുകയും ചെയ്യുന്നു. ഈ ശൈലിയാണ് ഫുആദിന്റെ വിഷയത്തിലും പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്നതിലേക്കാണ് ഈ സ്വേച്ഛാധിപത്യ പ്രവണത എത്തിക്കുകയെന്ന് തിരിച്ചറിഞ്ഞ് എല്ലാവരും സംഘ്അജണ്ടകളെ തിരിച്ചറിഞ്ഞ് പ്രതിരകരിക്കാന്‍ തയ്യാറാകണം.