കോഴിക്കോട് സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ജസ്റ്റിസ് രജീന്ദർ സച്ചാർ – ഗോപിനാഥൻ പിള്ള അനുസ്മരണ പരിപാടി അൽപ സമയത്തിനകം ആരംഭിക്കും. ഇന്ന് തന്നെയാണ് രാജ്യം ഉറ്റു നോക്കിയ കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് ഫലത്തിൽ നിന്ന് വ്യത്യസ്തമായി കർണ്ണാടകയിൽ സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയം കൂടുതൽ സീറ്റുകളിൽ വിജയിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ വംശീയതയുടെയും വിദ്വേഷങ്ങളുടെയും വിഷങ്ങൾ തുപ്പിക്കൊണ്ടു സംഘ്പരിവാർ രാഷ്ട്രീയം മുന്നോട്ട് പോകുമ്പോൾ രാജ്യത്തെ പരമ്പരാഗത മതേതര രാഷ്ട്രീയ പാർട്ടികൾക്ക് ഈ ഭീഷണിയെ ഫലപ്രദമായി പ്രതിരോധിക്കുവാൻ സാധിക്കാത്തത് ദൗർഭാഗ്യകരമാണ്. സംഘ്പരിവാറിന്റെ അതേ രാഷ്ട്രീയ യുക്തിയിൽ വേവിച്ചെടുത്ത
ഉപരിപ്ലവവും കേവലാർഥത്തിലുള്ളതുമായ രാഷ്ട്രീയ ഭാഷ കൊണ്ട് ഫാഷിസ്റ്റ് പ്രതിരോധം സാധ്യമല്ലെന്ന് കോൺഗ്രസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഒപ്പം ഫാഷിസ്റ്റ് തേരോട്ടങ്ങൾക്ക് മുമ്പിൽ നാം അടിപതറിപ്പോകുകയോ അപകർഷതകൾക്ക് അടിപ്പെടുകയോ ചെയ്യുകയുമരുത്. രാജ്യത്തെ അധഃസ്ഥിതരും അടിച്ചമർത്തപ്പെട്ടവരുമായ സാമൂഹിക ജനവിഭാഗങ്ങളെ ഉന്നം വെച്ച് കൊണ്ടാണ് സംഘ്പരിവാർ നുണകളുടെ കുമിളകളിൽ കെട്ടിപ്പൊക്കിയ അവരുടെ രാഷ്ട്രീയത്തെ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. നുണക്കുമിളകളാൽ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ എത്രതന്നെ ഭീമാകാരം പൂണ്ടതായാലും അവ തകർന്നടിയുമെന്നു തന്നെയാണ് വിശുദ്ധ ഖുർആൻ പറയുന്നത്. ധീരതയും ആത്മവിശ്വാസവും കൈ വെടിയാതെ തിന്മയുടെയും വിദ്വേഷങ്ങളുടെയും വംശീയതയുടെയും ശക്തികളോട് പോരാടുവാനുള്ള പ്രതിജ്ഞകൾ പുതുക്കേണ്ട സന്ദർഭം കൂടിയാണിത്. കാലഘട്ടത്തിലെ യുവതയുടെ ദൗത്യം കൂടിയാണതെന്നു നാം തിരിച്ചറിയുക. തീർച്ചയായും നമ്മിൽ നിന്ന് വിട പറഞ്ഞ ഗോപിനാഥൻ പിള്ളയും ജസ്റ്റിസ് രജീന്ദർ സച്ചാറും ഈ പോരാട്ടപാതയിൽ നമുക്ക് ആവേശവും ആത്മവിശ്വാസവുമാണ് പ്രദാനം ചെയ്യുന്നത്. വാർദ്ധക്യത്തിലാണ് വിട പറഞ്ഞതെങ്കിലും യുവതയുടെ കരുത്തായിരുന്നു ഇരുവരും. സമർപ്പിതമായ സമരസന്നദ്ധതയുടെ പ്രതീകങ്ങളാണവർ. അതിനാൽ ഫാഷിസം അലറുമ്പോൾ നാം കൂടുതൽ സമരസജ്ജരാവുക; കൂടുതൽ സമർപ്പിതരാവുക.