ജന്മനാടിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ ഫലസ്തീനൊപ്പം നില്‍ക്കണം- മണിശങ്കര്‍ അയ്യര്‍

കോഴിക്കോട്: ജന്മനാടിനായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതയും സര്‍ക്കാറും ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കണമെന്നും അതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമെന്നും മുന്‍കേന്ദ്ര മന്ത്രി മണിശങ്കര്‍ അയ്യര്‍. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യത്തിന്റെ രാപ്പകലില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1947 നവംബറില്‍ യു.എന്നില്‍ ഇസ്രയേല്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കാനുള്ള പ്രമേയത്തിനെതിരെ വോട്ടുചെയ്ത ഏഷ്യയില്‍ നിന്നുള്ള ഏക അനറബ് രാഷ്ട്രമായിരുന്നു ഇന്ത്യ. സ്വതന്ത്ര്യം നേടി 3 മാസം പിന്നിടാത്ത് ആ ഘട്ടത്തില്‍ പോലും അധിനിവേശശക്തികളുടെ എല്ലാ താല്‍പര്യങ്ങള്‍ക്കെതിരായി ഫലസ്തീന്‍ ജനതക്കൊപ്പം നില്‍ക്കാനും അവരുടെ സ്വാതന്ത്ര്യത്തെ പിന്തുണക്കാനും നമ്മുടെ രാജ്യത്തിന് സാധിച്ചിരുന്നു. തുടര്‍ന്നുള്ള ഘട്ടങ്ങളിലും ഇസ്രയേലുമായുള്ള ബന്ധത്തിലും നയതന്ത്രബന്ധങ്ങള്‍ ഇല്ലാതിരിക്കുന്നതിലും രാജ്യത്തിന്റെ നിലപാട് ഇതുതന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ഘട്ടം മുതല്‍ ഈ നിലപാടില്‍ മാറ്റങ്ങള്‍ വരികയാണുണ്ടായത്. ഇത് വളരെ നാണക്കേടുണ്ടാക്കുന്നതും നമ്മുടെ പാരമ്പര്യങ്ങളെ തന്നെ വിലകുറക്കുന്നതുമായ നിലപാടാണ്. നിലവിലെ സര്‍ക്കാറും പ്രധാനമന്ത്രിയും എല്ലാ പരിധികളും ലംഘിച്ച് ഇസ്രയേലുമായി ചങ്ങാത്തം സ്ഥാപിക്കാനാണ് നോക്കുന്നത്. ഇവിടെ ഭരണാധികാരികളെ തിരുത്താനും രാജ്യത്തിന്റെ പാരമ്പര്യമായുള്ള നിലാപാടുകള്‍ നിലനിര്‍ത്താനും നാം സജീവമായി രംഗത്തിറങ്ങണം. അതിനുള്ളൊരു ചുവടാകട്ടെ ഈ പരിപാടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക അവരുടെ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. അത് എല്ലാ അന്താരാഷ്ട്ര ധാരണകള്‍ക്കും എതിരാണ്. ജറൂസലം ഫലസ്തീനിന്റെ എക്കാലത്തെയും തലസ്ഥാനമാണ്. അത് അന്താരാഷ്ട്ര നിയന്ത്രണത്തിലാകണമെന്നാണ് യു.എന്‍ തന്നെ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഈ തീരുമാനങ്ങളെയെല്ലാം ഇല്ലാതാക്കുന്നതാണ് അമേരിക്കയുടെ തീരുമാനം. ഫലസ്തീന്‍ ഭൂമിയില്‍ പാശ്ചാത്യരുടെ സംരക്ഷണത്തില്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിതമായ 1948 മെയ് 15 നഖ്ബ ഡേ (ദുരന്തദിനം) ആയി ഫലസ്തീനികള്‍ ആചരിക്കുന്നുണ്ട്. പുതിയ പശ്ചാതലത്തില്‍ 70ാമത് നഖ്ബ ഡേ ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ച് എന്ന പേരില്‍ വിപുലമായ പരിപാടിയായി ആചരിക്കാന്‍ ഫലസ്തീന്‍ പോരാട്ട സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഈ മാര്‍ച്ചിനെതിരെ ഇസ്രയേല്‍ സേന നടത്തിയ അക്രമത്തില്‍ എഴുപതിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഈ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ പട്ടണങ്ങളില്‍ പ്രകടനങ്ങളും പരിപാടികളും നടന്നിരുന്നു. അതിന്റെ ഭാഗമായുള്ളൊരു പരിപാടിയാണ് ഇതും. ഇവിടെ ഇന്ത്യന്‍ ജനതയുടെ എല്ലാ പിന്തുണയും ഫലസ്തീനികള്‍ക്കുണ്ടെന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ഉപയോഗപ്പെടുത്തുകയാണെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
ഉച്ചക്ക് രണ്ട് മണിക്ക് മുതലക്കുളം മൈതാനിയില്‍ ആരംഭിച്ച രാപ്പകല്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷത വഹിച്ചു. ഒ അബ്ദുറഹ്മാന്‍, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍.എ, എം.ഐ അബ്ദുല്‍ അസീസ്, എ.പി അബ്ദുല്‍ വഹാബ്, ഹമീദ് വാണിയമ്പലം, പി.കെ പാറക്കടവ്, ഡോ.ഹുസൈന്‍ മടവൂര്‍, ഡോ.അബ്ദുസ്സലാം വാണിയമ്പലം, ഡോ.എം.എച് ഇല്യാസ്, മുജീബ്‌റഹ്മാന്‍ കിനാലൂര്‍, ഡോ.ജമീല്‍ അഹ്മദ്, സി.ദാവൂദ്, മുഹമ്മദ് റജീബ്, സകീര്‍ ഹുസ്സൈന്‍, എഞ്ചി.മമ്മദ് കോയ, എം.ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഡോ.ജാബിര്‍ അമാനി, ഡോ.സാബിര്‍ നവാസ്, ഉമ്മുകുല്‍സൂം ടീച്ചര്‍, സുഹൈബ് സി.ടി, അഫീദ അഹ്മദ് എന്നിര്‍ പരിപാടിയില്‍ സംസാരിച്ചു. ഗസ്സയില്‍ നിന്നുള്ള ടി.വി ജേണലിസ്റ്റ് നൂര്‍ ഹറാസീന്‍, ഹമാസ് മുന്‍വക്താവ് ഇസ്‌റാ അല്‍ മൊദല്ലല്‍ എന്നിവര്‍ വീഡിയോയിലൂടെ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ.സി അന്‍വര്‍ നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി പത്രിക മണിശങ്കര്‍ അയ്യര്‍ പ്രകാശനം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ സര്‍ഗാത്മക ആവിഷ്‌കാരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. പ്രാര്‍ഥനകള്‍ക്കും നമസ്‌കാരങ്ങള്‍ക്കും ശേഷം രാത്രി പത്ത് മണിയോടെയാണ് രാപ്പകല്‍ ഐക്യദാര്‍ഢ്യ സംഗമം അവസാനിച്ചത്.