സോളിഡാരിറ്റിയുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ രാപ്പകല്‍ മെയ് 20, ഞായറാഴ്ച. മണിശങ്കര്‍ അയ്യര്‍ പങ്കെടുക്കും

കോഴിക്കോട്: സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ഫലസ്തീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യത്തിന്റെ രാപ്പകല്‍ മെയ് 20, ഞായറാഴ്ച ഉച്ചക്ക് 1.30 മുതല്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കും. 1948-ല്‍ ഫലസ്തീനില്‍ നിന്ന് സ്വദേശികളെ പുറത്താക്കി ഇസ്രയേല്‍ എന്ന രാഷ്ട്രം അടിച്ചേല്‍പിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ ഫലസ്തീനികള്‍ നടത്തു ഗ്രേറ്റ് റിറ്റേൺ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടി നടത്തുന്നത്. കാലങ്ങളായി ഫലസ്തീനികള്‍ നഖ്ബ ദിവസമായി ആചരിക്കുന്ന മെയ് 15-ന് ഈ വര്‍ഷം മാസങ്ങള്‍ക്ക് മുമ്പ്തന്നെ വിവിധ മനുഷ്യാവകാശ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് അഹിംസയില്‍ ഊന്നിയ മാർച്ച് സംഘടിപ്പിച്ചിരുന്നു . എന്ത് പ്രകോപനമുണ്ടായാലും കല്ലടക്കം ഒരു ആയുധവും ഉയര്‍ത്തുകയില്ലെന്ന തീരുമാനത്തിലായിരുന്നു മാര്‍ച്ച്. ഈ മാര്‍ച്ചിന് നേരെ ഇസ്രയേല്‍ പട്ടാളം നടത്തിയ വെടിവെപ്പില്‍ 100-ല്‍ പരം ആളുകളാണ് കൊല്ലപ്പെട്ടത്. അവസാന സംഭവത്തില്‍ 35 പേരെ ഇസ്രയേല്‍ കൂട്ടക്കൊല ചെയ്തു.
യു.എസ് എംമ്പസി ജറൂസലമിലേക്ക് മാറ്റിസ്ഥാപിക്കുതിനെതിരെ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയും പിന്തുണയും തേടിക്കൊണ്ടും ഫലസ്തീനികള്‍ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി വ്യാപക പെറ്റീഷന്‍ കാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്. ഐക്യദാര്‍ഢ്യ സദസ്സിന്റെ ഭാഗമായി ഒപ്പുശേഖരണങ്ങളും നടക്കും.
രാപ്പകല്‍ നീണ്ടുനില്‍ക്കുന്ന ഐക്യദാര്‍ഢ്യ സദസ്സില്‍ മുന്‍കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ പങ്കെടുക്കും. ഫലസ്തീന്‍ ഐക്യദാര്‍ഢ്യങ്ങള്‍ ഇന്ത്യയിലുടനീളം സംഘടിപ്പിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചുവരികയാണ് മണിശങ്കര്‍ അയ്യര്‍. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളായി കലാ-സാംസ്‌കാരിക പരിപാടികളും പ്രാര്‍ഥനകളുമുണ്ടാകും.