കോഴിക്കോട്: മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ കാമ്പസ് ഫ്രണ്ട് കാമ്പസുകളില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ ജനാധിപത്യവല്‍കരണ ശ്രമങ്ങളെയുമാണ് ഇല്ലാതാക്കുന്നെതന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. വിദ്യാര്‍ഥിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് കാമ്പസുകളില്‍ നിലനില്‍ക്കുന്ന അക്രമരാഷ്ട്രീയമാണ്. രാജ്യത്തിന്റെ നിര്‍മാണാത്മകമായ വികാസങ്ങളിലും ജനാധിപത്യത്തിന്റെ പ്രയോഗവല്‍കരണത്തിലും പങ്കാളികളാകേണ്ട വിദ്യാര്‍ഥികളാണ് കാമ്പസുകളില്‍നിന്ന് പുറത്തുവരേണ്ടത്. അതിന് തടസ്സമാകുന്ന അക്രമരാഷ്ട്രീയം കാമ്പസുകളില്‍ നിന്ന് ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാറും നിയമപാലകരും സര്‍വകലാശാലകളും അക്രമരാഷ്ട്രീയത്തെ നിയന്ത്രിക്കാനുള്ള നടപടികളെടുക്കണം.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ സോളിഡാരിറ്റി ശക്തമായി അപലപിക്കുകയും ദുഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. അഭിമന്യുവിന്റെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ദുഖത്തില്‍ പങ്ക്‌ചേരുകയാണെന്നും പി.എം സാലിഹ് കൂട്ടിച്ചേര്‍ത്തു.
മഹാരാജാസില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ഗുരുതരമായി കാണണം. ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ഥികളെ കൊലക്ക് കൊടുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. സാമൂഹിക ക്ഷേമത്തിനും വികസനത്തിനും ഉപയോഗപ്പെടേണ്ട രാഷ്ട്രീയ പ്രവര്‍ത്തനം ആളുകളുടെ ജീവനെടുക്കുന്നത് അപലപനീയമാണ്. രാജ്യത്ത് പലതരത്തിലുള്ള ഫാഷിസ്റ്റ് പ്രവണതകള്‍ അധികരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം നീക്കങ്ങള്‍ വളരെ ഗൗരവത്തോടെ കാണണം.
കാമ്പസുകളില്‍ മത-മതേതര പാര്‍ട്ടികളുടെ പേരില്‍നടക്കുന്ന അക്രമരാഷ്ട്രീയം തടയപ്പെടേണ്ടതാണ്. അതിന് സര്‍ക്കാറും സംവിധാനങ്ങളും തയ്യാറാകണം. മഹാരാജാസിലെ കൊലപാതകത്തില്‍ പങ്കാളികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും മാതൃകപരമായി ശിക്ഷിക്കുകയും ചെയ്യണമെന്നും പി.എം സാലിഹ് ആവശ്യപ്പെട്ടു.