മാതൃഭൂമിയിലെ വേണു ബാലകൃഷ്ണനെതിരെ 153 എ വകുപ്പ് ചുമത്തി കേസെടുത്തത് സര്‍ക്കാര്‍ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ശ്രമിക്കുന്നതിന്റെ വ്യക്തമായ തെളിവാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. എടത്തലയിലെ പൊലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ വേണു ഉന്നയിച്ച ചോദ്യങ്ങള്‍ മതസ്പര്‍ധയുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

സര്‍ക്കാറിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകളോ ചോദ്യങ്ങളോ ഉണ്ടാകുമ്പോള്‍ അവയെ അധികാരമുപയോഗിച്ച് തടയാനുള്ള ഇടതുസര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് വേണുവിനെതിരായ കേസ്. മുഖ്യമന്ത്രിയും ഓഫീസുമെല്ലാം പലവിഷയങ്ങളിലും പത്രപ്രവര്‍ത്തകരോട് ഇത്തരം നിലപാട് സ്വീകരിച്ചിരുന്നു. വിമര്‍ശനങ്ങളെ ശക്തിയുപയോഗിച്ച് തടയുകയെന്ന ഫാഷിസ്റ്റ് ശൈലിതന്നെയാണ് ഇവിടെ സര്‍ക്കാര്‍ പിന്തുടരുന്നത്.

പത്രസ്വാതന്ത്ര്യത്തെ പ്രകീര്‍ത്തിക്കുന്ന മുഖ്യധാരാ മാധ്യമ ലോകവും സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകരും വേണുവിനെതിരായ കേസില്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. ഈ നിശബ്ദത ഫാഷിസത്തിന് ശക്തിപകരുകയാണ് ചെയ്യുകയെന്നും പി.എം സാലിഹ് അഭിപ്രായപ്പെട്ടു.