സോളിഡാരിറ്റി നേതാക്കള്‍ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചു

Jul 18, 2018 | News Updates

വട്ടവട: മഹാരാജാസില്‍ കൊലചെയ്യപ്പെട്ട അഭിമന്യുവിന്റെ വീട് സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹിന്റെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹലിം, ഹാഷിം, മുഹ്‌സിന്‍ എന്നിവരാണ് വട്ടവടയിലുള്ള വീട് സന്ദര്‍ശിച്ചത്. അഭിമന്യുവിന്റെ അച്ചന്‍, അമ്മ, മുത്തശ്ശി എന്നിവരെ സന്ദര്‍ശിച്ച നേതാക്കള്‍ ദുഖത്തില്‍ പങ്കുചേര്‍ന്നു.
അഭിമന്യു കൊലപാതകത്തിലെ കുറ്റക്കാരെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് ആവശ്യപ്പെട്ടു. സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും കേസില്‍ മുഖ്യപ്രതികളെ പിടിക്കാനാവാത്തത് ഗുരുതര പ്രശ്‌നമാണ്. വട്ടവടയിലേത് പോലുള്ള സാമൂഹിക സാഹചര്യത്തില്‍ നിന്ന് കാമ്പസിലെത്തുകയും പഠനത്തില്‍ ശ്രദ്ധിക്കുകയും ചെയ്ത അഭിമന്യുവിനെ പോലുള്ളവരുടെ ജീവന്‍ വലിയ നഷ്ടം തന്നെയാണ്. ഇത്തരം സാഹചര്യങ്ങളില്‍നിന്നെത്തുന്നവരെ പ്രോത്സാഹിപ്പിച്ച് ഉന്നതിയിലെത്തിക്കേണ്ട കാമ്പസുകള്‍ കൊലക്കളമാക്കുന്നതിനെ സമൂഹം ഗൗരവത്തിലെടുക്കണം. അതിനാല്‍ പ്രതികളെ ഉടനെ പിടികൂടുകയും കാമ്പസുകളിലെ അക്രമരാഷ്ട്രീയത്തെ ഇല്ലാതാക്കുകയും ചെയ്യണമെന്ന് പി.എം സാലിഹ് ആവശ്യപ്പെട്ടു.