കോഴിക്കോട്: അസമില്‍ സംശയകരമായ പൗരത്വമുള്ളവരെന്ന പേരില്‍ 40 ലക്ഷം പേരെ അഭയാര്‍ഥികളാക്കിമാറ്റുന്ന രീതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൗരത്വ രജിസ്‌ട്രേഷന്‍ നടപടികളുടെ പിറകില്‍ ഭരണകൂടവേട്ടയാണ് നടക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയും പുറത്താക്കേണ്ടവരെയും പുറംതള്ളാനുള്ള ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും പദ്ധതികളാണ് എന്‍.ആര്‍.സിയുടെ പേരില്‍ പ്രായോഗികമായിക്കൊണ്ടിരിക്കുന്നത്. എന്‍.ആര്‍.സിക്ക് പുറമേ മുസ്‌ലിംകളെ പ്രത്യേകമായി പുറത്താക്കാന്‍ സാധിക്കുന്ന തരത്തില്‍ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തികൊണ്ടിരിക്കുന്നുണ്ട്. 2016ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വഭേദഗതി ബില്‍ മതത്തിന്റെ പേരില്‍ മുസ്‌ലിംകളോടുള്ള വിവേചനത്തിന്റെ വ്യക്തമായ തെളിവാണ്. സര്‍ക്കാറുകളുടെയും കോടതിയുടെയും മുന്‍കയ്യോടെ ഇത്തരം നീക്കങ്ങള്‍ നടക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കുകയും ഭരണസ്ഥാപനങ്ങളുടെ വിശ്വാസ്യത കുറക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമില്‍ നടന്നുകൊണ്ടിരിക്കുന്ന നീതിനിഷേധങ്ങള്‍ക്കും അവകാശ ധ്വംസനങ്ങള്‍ക്കുമെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി അടുത്ത ഞായറാഴ്ച കോഴിക്കോട് സോളിഡാരിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പരിപാടിയില്‍ യുനൈറ്റഡ് എഗൈനിസ്റ്റ് ഹേറ്റിന്റെ നേതൃത്വത്തില്‍ നടന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രകാശനവും നടക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പ്രഫ. എ.പി അബ്ദുല്‍ വഹാബ്, ഒ അബ്ദുറഹ്മാന്‍, ഡോ.പി.കെ പോക്കര്‍, എന്‍.പി ചെക്കുട്ടി, സി ദാവൂദ് എന്നീ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.