കോഴിക്കോട്: കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ ഈങ്ങാപുഴ ഇരുപത്തിയാറാം മൈൽ കണ്ണപ്പൻകുണ്ട് പ്രദേശത്ത് ദുരിതബാധിതരെ പാർപ്പിച്ച രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. അമ്പതിലധികം ദുരിതബാധിതരെ മൈലല്ലംപാറ സെന്റ് ജോസഫ് സ്കൂളിലും നൂറോളം ആളുകളെ കണ്ണപ്പൻകുണ്ട് ഗവൺമെന്റ് സ്കൂളിലുമാണ് പാർപ്പിച്ചിരിക്കുന്നത്. പാർപിടവും അടിസ്ഥാന സൗകര്യങ്ങളും നഷ്ടമായവരെയും മുൻകരുതലെന്ന നിലയിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിയവരെയും നേതാക്കൾ കണ്ട് സംസാരിച്ച് ദുഖത്തിൽ പങ്ക് ചേരുകയും പുനരധിവാസത്തിന് സഹായ സഹകരണങ്ങൾ അറിയിക്കുകയും ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റിനൊപ്പം സംസ്ഥാന സെക്രട്ടറിമാരായ ഹമീദ് സാലിം, ജുമൈൽ പി.പി, ഫവാസ് ടി.ജെ, ജില്ലാ സെക്രട്ടറി സിറാജുദ്ദീൻ ഇബ്നു ഹംസ, ജമാഅത്തെ ഇസ്ലാമി പ്രാദേശിക നേതാവ് ഇബ്റാഹിം, ഹാഷിം, മുഹ്സിൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച സംഘം ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സർക്കാർ സംവിധാനങ്ങളും ദ്രുതകർമ്മസേനയും വ്യവസ്ഥാപിതമായ പ്രവർത്തനങ്ങൾ മേഖലയിൽ നടത്തുന്നുണ്ട്. പുനരധിവാസം പൂർത്തീകരിച്ച് പ്രദേശത്തെ ആളുകളുടെ ആശങ്ക പരിഹരിക്കുന്നതുവരെ സർക്കാർ സേവനങ്ങൾ തുടരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വിവിധ മേഖലകളിൽ സമാന രീതിയിൽ ദുരിതങ്ങളനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്. അവരെ സഹായിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനങ്ങളനുഷ്ഠിക്കാനും സോളിഡാരിറ്റി പ്രവർത്തകരും യുവാക്കളും മുന്നിട്ടിറങ്ങണമെന്ന് പി.എം സാലിഹ് ആവശ്യപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പുനരധിവാസ സേവന പ്രവർത്തനങ്ങൾക്കായി എല്ലാ പരിപാടികളും മാറ്റിവെച്ച് സോളിഡാരിറ്റി സേവനവാരം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.