ന്യൂഡൽഹി: ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെതിരെ ഡല്‍ഹിയില്‍ നടന്ന വധശ്രമം പൗരസുരക്ഷക്കും വ്യക്തിസ്വാന്ത്ര്യത്തിനുമെതിരായ വെല്ലുവിളിയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. ഭയത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന തലക്കെട്ടില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ യുനൈറ്റഡ് എഗെയ്‌നിസ്റ്റ് ഹെയ്റ്റിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെയും അഭ്യന്തരമന്ത്രിയുടെയും രാഷ്ട്രപതിയുടെയും മൂക്കിന് താഴെ പാര്‍ലമെന്റിന്റെ അടുത്താണ് ഹിന്ദുത്വ ശക്തികള്‍ വധശ്രമം നടത്തിയത്. 24 മണിക്കൂറും പൊലീസ് സാന്നിദ്ധ്യമുള്ള മേഖലയില്‍ വധശ്രമം നടത്തി പേരുകേട്ട ഡല്‍ഹി പൊലീസിന് പിടികൊടുക്കാതെ അനായാസമാണ് അക്രമി കടന്നുകളഞ്ഞത്. അക്രമി രക്ഷപ്പെട്ട ശേഷം ഉപേക്ഷിച്ച തോക്ക് പെറുക്കാനാണ് പൊലീസെത്തിയത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴായിരുന്നു അക്രമം നടന്നത്.

എഴുപത്തൊന്നാമത്തെ സ്വാതന്ത്ര്യ ദിനമാഘോഷിക്കാന്‍ പോകുന്ന രാജ്യത്ത് ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും മുതല്‍ രാജ്യതലസ്ഥാനത്തെ രാഷട്രപതി ഭവനിന്റെ പരിസരങ്ങളില്‍വരെ പൗരന്റെ സുരക്ഷിതത്വം വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ദേശസുരക്ഷയുടെ പേരില്‍ പലപ്പോഴും പൗരന്റെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറുന്ന സര്‍ക്കാറും നിയമപാലകരും പരസ്പര വിദ്വേഷം പരത്തുന്ന പ്രചാരണങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണ്. അതിന്റെ തുടര്‍ച്ചയായി മേവാത്തിലെ തെരുവുകള്‍ മുതല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് വരെ ആയുധമെടുത്തും കൂട്ടംകൂടുയും ആള്‍കൂട്ടങ്ങള്‍ അക്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഇതിനെ ഒളിഞ്ഞു തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്നതും പ്രതികളെ ഹീറോകളാക്കുന്നതും ജനപ്രതിനിധികള്‍ തന്നെയാണ്.

തങ്ങള്‍ എന്തും ഇവിടെ നടപ്പിലാക്കും, അതിനെതിരെ പ്രതികരിക്കുന്നവരെ ഇല്ലാതാക്കും എന്നതാണ് രാജ്യത്ത് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നടപ്പലാക്കികൊണ്ടിരിക്കുന്ന രീതി. ജനഹിതങ്ങളെ അട്ടിമറിക്കുന്ന രീതിയില്‍ ജനപ്രതിനിധികളെ തങ്ങളുടെ പാളയത്തിലെത്തിക്കുന്നതിനും മറ്റും സി.ബി.ഐ മുതല്‍ നിയമസ്ഥാപനങ്ങള്‍ വരെ ഉപയോഗപ്പെടുത്തുന്ന തല്‍പരകക്ഷികള്‍ ഇതിനൊന്നും വയങ്ങാത്തവരെ ആയുധമെടുത്ത് ഇല്ലാതാക്കുകയാണ്. ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ തുടങ്ങി ഉമര്‍ ഖാലിദ് വരെ ഇതാണ് തെളിയിക്കുന്നതെന്നും പി.എം സാലിഹ് കൂട്ടിചേര്‍ത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹിന്ദുത്വ അക്രമത്തിന്റെ ഇരകളുടെ കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രശാന്ത് ഭൂഷന്‍, അഫ്രഖാനം ശെര്‍വാനി, മനോജ് ഝാ, പ്രഫ.ആപൂര്‍വാനന്ദ്, എസ്.ആര്‍ ദാരാപുരി, അഡ്വ.ഷഹ്ദാബ് അന്‍സാരി, അലി അന്‍വര്‍, എൻജി. മുഹമ്മദ് സലിം അഖിലേന്ത്യ ജനറൽ സെക്രട്ടറി, ഫാത്വിമ നഫീസ്, ജുനൈദിന്റെ മാതാവ് ഫാത്വിമ, അലീമുദ്ദീന്റെ ഭാര്യ മറിയം, ഹാപൂര്‍ ലിഞ്ചിംഗ് ഇര സമയ്ദീന്‍, അങ്കിത് സക്‌സേനയുടെ പിതാവ് യശ്പാല്‍ സ്‌കസേന, ഡോ. കഫീല്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.