ന്യൂഡല്‍ഹി: രാജ്യത്തെ അരാജകത്വത്തിലേക്ക് നയിച്ചുകൊണ്ട് വ്യപകമായിക്കൊണ്ടിരിക്കുന്ന ആള്‍കൂട്ടകൊലകള്‍ക്കും പൗരത്വനിഷേധങ്ങള്‍ക്കുമെതിരെ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്‍ ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാറിന്റെയും അനുകൂലികളുടെയും അക്രമങ്ങള്‍ക്കിരയായവരും കുടുംബാംഗങ്ങളും പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രഖ്യാപനം നിര്‍വഹിച്ചത്. നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ്, ജുനൈദിന്റെ മാതാവ് ഫാത്വിമ, അലീമുദ്ദീന്റെ ഭാര്യ മറിയം, ഹാപൂര്‍ ആള്‍കൂട്ട അക്രമത്തിലെ ഇര സമയ്ദീന്‍, അങ്കിത് സക്‌സേനയുടെ പിതാവ് യശ്പാല്‍ സക്‌സേന, ഡോ.കഫീല്‍ ഖാന്‍, അഫ്രഖാനം ശെര്‍വാനി, നദീം ഖാന്‍, പി.എം സാലിഹ്, ഉമര്‍ ആലത്തൂര്‍, എഞ്ചിനീയര്‍ മുഹമ്മദ് സലീം, ശാരിക് അന്‍സാര്‍, അഡ്വ.ഷഹ്ദാബ് അന്‍സാരി എന്നിവര്‍ ചേര്‍ന്നാണ് കാമ്പയിനിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്ത് പ്രഖ്യാപനം നിര്‍വഹിച്ചത്. ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന യുനൈറ്റഡ് എഗെയ്‌നിസ്റ്റ് ഹെയ്റ്റിന്റെ വാര്‍ഷിക ദിനത്തില്‍ ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യം (ഖൗഫ് സെ ആസാദി) എന്ന തലക്കെട്ടില്‍ നടത്തിയ ഇരകളുടെ സംഗമത്തിലായിരുന്നു പ്രഖ്യാപനം നടന്നത്.
ലിഞ്ച്ഡ് ആന്റ് എറേസ്ഡ്: റീഗെയ്‌നിഗ് ഇന്റിപെന്റന്‍സ് അണ്‍ഡര്‍ സംഘ് നാഷണലിസം എന്ന തലക്കെട്ടില്‍ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി സോളിഡാരിറ്റി വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 25-ന് പാര്‍ലെമെന്റ് മാര്‍ച്ചും 24-ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ആള്‍കൂട്ടകൊലയുടെയും പൗരത്വവേട്ടയുടെയും ഇരകളുടെയും കുടുംബങ്ങളുടെയും സംഗമവും നടക്കും.  സമൂഹത്തിന്റെ വിവിധതുറകളില്‍നിന്നുള്ളവര്‍ക്ക് കാമ്പയിന്‍ സന്ദേശമെത്തിക്കാനും ഫാഷിസത്തിന്റെ പ്രതിരോധത്തിനായുള്ള കൂട്ടായ്മകളുടെ രൂപീകരണത്തിനും സാധ്യമാകുന്ന പരിപാടികള്‍ കാമ്പയിനിന്റെ ഭാഗമായി നടക്കും.