ആധുനിക കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും മൂലമുണ്ടായ നാശനഷ്ടങ്ങളും അപകടങ്ങളും തരണം ചെയ്യുക മനുഷ്യ പ്രയത്നം കൊണ്ട് മാത്രം സാധിക്കുന്നതല്ല. എങ്കിലും സര്‍ക്കാരും ജനങ്ങളും ഇതുവരെയും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്.

മരണമുഖത്ത് നിന്ന് പതിനായിരങ്ങളെ രക്ഷിക്കാനും രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനും ഇനിയും ഒരുപാട് അധ്വാനം ആവശ്യമാണ്. 8316 കോടി രൂപയുടെ നാശനഷ്ടങ്ങളുടെ കണക്കാണ് ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ടതെങ്കിലും അതിലൊതുങ്ങുന്നതല്ല നഷ്ടത്തിന്റെ തോത്. ഈ സാഹചര്യത്തിലാണ് ദുരിതബാധിതരും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ജനപ്രതിനിധികളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതും ഈ മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തെ വിന്യസിക്കാനും ഉള്ള ആവശ്യം ഉയരുന്നതും. ഇത്ര വലിയ ദുരന്തം അഭിമുഖീകരിക്കുമ്പോള്‍ ഏതാനും കോടികളുടെ സഹായമാണ് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി എം.പിമാരുടെ പബ്ലിസിറ്റിക്ക് വേണ്ടി മാത്രം 4800 കോടി രൂപയും സര്‍ദാര്‍ പട്ടേല്‍ സ്തൂപനിര്‍മാണത്തിന് 3000 കോടി രൂപയും ശിവജി പ്രതിമ നിര്‍മാണത്തിന് 3600 കോടി രൂപയും കുംഭമേളക്ക് 4000 കോടി രൂപയും പൊതു ഖജനാവില്‍ നിന്ന് ദൂര്‍ത്തടിക്കുന്ന മോദീ സര്‍ക്കാരാണ് 500 കോടി നല്‍കാം എന്ന് പറഞ്ഞ് കേരളത്തെ അപഹസിക്കുന്നത്. അയല്‍ നാടായ നേപ്പാളിന് നല്‍കുന്ന പരിഗണയെങ്കിലും മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കണം. ഭൂകമ്പം തകര്‍ത്ത നേപ്പാളിന് 2015ല്‍ മോഡി സര്‍ക്കാര്‍ 6,357 കോടി രൂപയായിരുന്നു (100 കോടി ഡോളര്‍) സഹായധനമായി നല്‍കിയത്. നേപ്പാള്‍ ഇന്ത്യയുടെ നല്ല സുഹൃത്താണെന്നായിരുന്നു മോദിയുടെ ന്യായം. എന്നാല്‍ കേരളീയര്‍ ഇന്ത്യയിലെ പൗരന്‍മാരാണെന്ന കാര്യം പ്രധാനമന്ത്രി മറക്കരുത്.

രാഷ്ട്രീയ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രത്തോട് കേരളത്തിന്റെ അടിയന്തിര ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ മടിക്കുന്ന മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ നിലപാട് തിരുത്തി കേന്ദ്രത്തോട് സൈന്യത്തിന്റെ സഹായം ആവശ്യപ്പെടുകയും അന്താരാഷ്ട്ര സഹായത്തിനഭ്യര്‍ഥിക്കുകയും വേണം. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്ന ബോധം പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ഉണ്ടാകണം. പ്രളയക്കെടുതിയില്‍ മരണക്കയത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയോട് അല്‍പ്പമെങ്കിലും ദയയുണ്ടെങ്കില്‍, ഈ കെടുതിയെയും ജീവധനാതികളെ ബാധിച്ച വമ്പിച്ച നാശനഷ്ടത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിയന്തിര നടപടി കൈക്കൊള്ളാന്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ നരേന്ദ്രമോദി തയ്യാറാവണം. ഈ സന്ദര്‍ഭം രാഷ്ട്രീയ പകപോക്കലിനുള്ളതല്ല. മനുഷ്യ ജീവന്‍കൊണ്ടല്ല കേന്ദ്ര-സംസ്ഥാന ഭരകൂടങ്ങള്‍ രാഷ്ട്രീയം കളിക്കേണ്ടത്.

പി.എം. സ്വാലിഹ്.
സംസ്ഥാന പ്രസിഡന്റ് സോളിഡാരിറ്റി