കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും സംഭവിച്ചിട്ടില്ലാത്ത ഒരു മഹാപ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് കേരളം. പ്രളയാനന്തര കേരളം ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ മുമ്പാകെ ഉയര്‍ത്തുന്നുണ്ട്. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും കുറിച്ചമുള്ള ആഴമുള്ള ആലോചനകളും സംവാദങ്ങളും പൊതുമണ്ഡലത്തില്‍ വികസിച്ചു വരുന്നു. കൃഷി, കച്ചവടം, പാര്‍പ്പിടം, പരിസ്ഥിതി, വികസനം മുതലായ വിഷയങ്ങളിലെല്ലാം കാതലായ മാറ്റങ്ങള്‍ വരണമെന്നും ബദല്‍ രീതികള്‍ ഉയര്‍ന്നു വരണമെന്നുമുള്ള ആവശ്യം ശക്തമാണ്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറയാന്‍ ശ്രമിച്ച യുവജന പ്രസ്ഥാനമാണ് സോളിഡാരിറ്റി. ‘മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്’ എന്ന മുദ്രാവാക്യം കേരളത്തിന്റെ മുഖ്യധാരാ മുദ്രാവാക്യമാക്കി മാറ്റാന്‍ സോളിഡാരിറ്റിക്ക് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ പുതിയ കേരളത്തെ സംബന്ധിച്ച ചര്‍ച്ച ഉയരുന്ന സന്ദര്‍ഭത്തില്‍ അവ്വിഷയകമായി സംസാരിക്കാനുള്ള യോഗ്യതയും അര്‍ഹതയും സോളിഡാരിറ്റിക്കുണ്ട്.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പരിസ്ഥിതിയും ഭൂവിഭവങ്ങളും പ്രാദേശിക ജനവിഭാഗങ്ങളും സമൂഹങ്ങളും പരിഗണിക്കുന്നമെന്ന് സോളിഡാരിറ്റി ആഗ്രഹിക്കുന്നു.

ഈ സാഹചര്യത്തിലാണ് ‘പുതിയ കേരളം;
മണ്ണിനും മനുഷ്യനും വേണ്ടി സോളിഡാരിറ്റി ‘ എന്ന തലക്കെട്ടില്‍ ജനകീയ സ്വഭാവത്തിലും പ്രാദേശിക പങ്കാളിത്തത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സോളിഡാരിറ്റി തുടക്കമിടുന്നത്. ബദല്‍ പാര്‍പ്പിട നിര്‍മ്മാണത്തെ പരിചയപ്പെടുത്തുന്ന വീട് മേള, റീമ്പിള്‍ഡ് ബിസിനസ് കേരള: എന്റര്‍പ്രെണര്‍ വര്‍ക്ക്‌ഷോപ്പ്, കാര്‍ഷിക-മല്‍സ്യവിത്ത് വിതരണവും പരിപാലനവും, കന്നുകാലി, തൊഴിലുപകരണങ്ങളുടെ കൈമാറ്റം, സേവന സംരംഭങ്ങള്‍, കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്റ്റുകള്‍, സെമിനാര്‍/ ചര്‍ച്ചകള്‍, ആള്‍ട്ടര്‍നേറ്റീവ് ഹോം ഡിസൈനിംഗ്, ഹൗസ് മെയ്ന്റനന്‍സ് കാരവന്‍, കുടിവെള്ള വിതരണം, മണ്ണ്, വെള്ളം: രാസമാലിന്യ പരിശോധന തുടങ്ങിയ വിപുലമായ പ്രവര്‍ത്തനങ്ങള്‍ സോളിഡാരിറ്റിയുടെ മുന്‍കയ്യില്‍ നടക്കാനൊരുങ്ങുന്നു. ഇതിന്ന് മുന്നോടിയായി മണ്ണിനെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ആഴത്തിലുള്ള ചിന്തകളും ആലോചനകളും രൂപപ്പെടുത്തുന്നതിനു വേണ്ടി സെപ്ത:19, ബുധന്‍ വൈകിട്ട് 4.30ന് ആലുവ വൈ.എം.സി.എ ഹാളില്‍ വെച്ച് സെമിനാറും ചര്‍ച്ചയും സോളിഡാരിറ്റി സംഘടിപ്പിക്കുന്നു. ‘പുതിയ കേരളം: മണ്ണിനും മനുഷ്യനും വേണ്ടി ‘ എന്ന തലക്കെട്ടില്‍ നടക്കുന്ന സെമിനാറില്‍ സി.രാധാകൃഷ്ണന്‍, ഡോ. വി. വിജയന്‍, കെ.കെ. കൊച്ച്, സി.ആര്‍. നീലകണ്ഠന്‍, പി.മുജീബ് റഹ്മാന്‍, അഡ്വ. ഹരീഷ് വാസുദേവ്, ടി.പി.മുഹമ്മദ് ശമീം, പി.എം സ്വാലിഹ്, അബൂബക്കര്‍ ഫാറൂഖി, എ.അനസ് തുടങ്ങിയവര്‍ സംബന്ധിക്കും.