കോഴിക്കോട്: തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം അടിച്ചൊതുക്കുകയെന്ന കേന്ദ്രസര്‍ക്കാറിന്റെ പകപോക്കല്‍ നയത്തിന്റെ ഭാഗമാണ് ഡോ കഫീല്‍ ഖാനെ വീണ്ടും അറസ്റ്റ് ചെയ്തതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. യു.പിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തെ കുട്ടികള്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ സ്വന്തം ചെലവില്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സാഹസപ്പെട്ട ആളാണ് കഫീല്‍ ഖാന്‍. എന്നാല്‍ അദ്ദേഹത്തിനെതിരെ അതുമുതല്‍ സര്‍ക്കാര്‍ പകപോക്കല്‍ നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ബഹറായിച്ച് ജില്ലാ ആശുപത്രിയില്‍ ഒന്നര മാസത്തിനിടെ 71 കുട്ടികള്‍ ചികിത്സകള്‍ ലഭിക്കാതെ മരിച്ചിരുന്നു. അവിടെ സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തരെ കാണാനിരിക്കെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് കുടുംബം നല്‍കുന്ന വിവരം. അറസ്റ്റ് വിവരം സഹോദരനെ പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു. അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്കാണ് പൊലീസ് കൊണ്ടുപോയിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെയും പൊതു പ്രവര്‍ത്തകരെയും സംഘ്‌സര്‍ക്കാര്‍ അറസ്റ്റി ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച മോദി സര്‍ക്കാറിന്റെ വിമര്‍ശകനായ സഞ്ജീവ് ബട്ടിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം രാജ്യം പോയിക്കൊണ്ടിരിക്കുന്ന അപകടാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും പി.എം സാലിഹ് പറഞ്ഞു.