ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ നടന്ന ഭരണകൂട ഭീകരതയുടെ വലിയ അധ്യായങ്ങളിലൊന്നാണ് അടിയന്തരാവസ്ഥ. തന്റെ ശക്തമായ നീതിബോധം കാരണം ഭരണകൂടത്തിനെതിരെ അക്കാലത്ത് നിലയുറപ്പിച്ചയാളായിരുന്നു നജ്മല്‍ ബാബു എന്ന ടി.എന്‍ ജോയ്. അതിന് അന്നത്തെ കേരള സര്‍ക്കാര്‍ അദ്ദേഹത്തെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ജയില്‍ മോചിതനായ ശേഷവും അധികാര ദുര്‍വിനിയോഗത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ശക്തമായി അദ്ദേഹം നിലയുറപ്പിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും ജനസേവനങ്ങള്‍ക്കുമായി അദ്ദേഹം തുടര്‍ന്നുള്ള ജീവിതം ഒഴിഞ്ഞുവെച്ചു. ഇത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായും സംഘങ്ങളുമായും അദ്ദേഹം സ്‌നേഹവും ബന്ധവും കാത്തുസൂക്ഷിച്ചു. സോളിഡാരിറ്റിയുമായും അദ്ദേഹത്തിന് ഈയര്‍ഥത്തില്‍ അടുത്തബന്ധമാണുണ്ടായിരുന്നത്.

മനുഷ്യാവകാശ സേവന മേഖലകളിലെ സോളിഡാരിറ്റിയുടെ ഒരു അടുത്ത കൂട്ടുകാരനെയാണ് ഇപ്പോള്‍ നഷ്ടമായത്. സോളിഡാരിറ്റി നടത്തിയ മിക്ക പരിപാടികളിലും അദ്ദേഹം പങ്കാളിയായിരുന്നു. ചില പരിപാടികളിലേക്ക് സോളിഡാരിറ്റിയെ എത്തിക്കാനും അദ്ദേഹത്തിന്റെ സൗഹൃദത്തിന് സാധിച്ചിട്ടുണ്ട്. മതത്തിന്റെ സാമൂഹിക ഇടപെടലുകളെല്ലാം തന്നെയും അപകടകരമാണെന്ന മുൻവിധി തളംകെട്ടി നിൽക്കുന്ന മതേതര ഭൂമികയിലെ വ്യത്യസ്ത ശബ്ദങ്ങളിലൊന്നായിരുന്നു നജ്മൽ ബാബു. അതു കൊണ്ടാണ് ഇസ്‌ലാമിന്റെ വിമോചന പരതയെ പ്രതിനിധാനം ചെയ്ത സോളിഡാരിറ്റിയുമായി ഐക്യപ്പെടാനും പങ്കാളിത്തം വഹിക്കാനും അദ്ദേഹത്തിനായത്.

രാജ്യത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന സംഘ്ഫാഷിസത്തിനെതിരായ പ്രതിരോധങ്ങളിലും അദ്ദേഹം മുമ്പിലുണ്ടായിരുന്നു. രാജ്യത്ത് വര്‍ധിച്ച്‌കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധതയെ പ്രതിരോധിക്കാനും അതിന്റെ ഭാഗമായി അദ്ദേഹം ശ്രമിച്ചു. മുസ്‌ലിംകളോടുള്ള ഐക്യദാര്‍ഢ്യം അദ്ദേഹത്തെ താന്‍ മുസ്‌ലിമായെന്ന് പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചു. തന്റെ മരണശേഷം മയ്യിത്ത് ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നജ്മല്‍ ബാബുവിന്റെ വിടവാങ്ങല്‍ സംസ്ഥാനത്തെ ഫാഷിസ്റ്റ് വിരുദ്ധ ചേരിക്ക് വലിയൊരു നഷ്ടം തന്നെയാണ്. കൂട്ടുകാരുടെയും സഹാകാരികളുടെയും ദുഖത്തില്‍ സോളിഡാരിറ്റിയും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മയ്യിത്ത് സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ നിരാശയുണ്ടാക്കുന്നതാണ്. പാരമ്പര്യ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് കുടുംബാംഗമായ അദ്ദേഹത്തിന്റെ മരണാനന്തര കര്‍മങ്ങള്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചതിനനുസരിച്ച് നടത്തുന്നതിന് പകരം ദഹിപ്പിക്കുകയാണ് ചെയ്തത്. വീട്ടുവളപ്പില്‍ ദഹിപ്പിക്കുകയെന്നത് എങ്ങനെയാണ് ഒരു മതേതര സംസ്‌കാര പ്രക്രിയയാവുകയെന്നത് ഇടതുപക്ഷ പാരമ്പര്യത്തിന്റെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നത്. നിലവിലെ മന്ത്രിമാരുമായടക്കം അടുത്തബന്ധമുള്ളയാളെന്ന നിലയില്‍ നജ്മല്‍ ബാബുവിന്റെ ജീവിത നിലപാടുകള്‍ക്ക് കുറച്ചുകൂടി പരിഗണന ലഭിക്കേണ്ടതായിരുന്നു.

അല്ലാഹുവേ അദ്ദേഹത്തിന്റെ വിടവാങ്ങല്‍മൂലം ഞങ്ങള്‍ക്കുണ്ടായ വിടവ് നീ നികത്തിത്തരേണമേ… അദ്ദേഹത്തെ നീ സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കേണമേ….