ആലുവ: പ്രളയത്തില്‍ ജീവിതോപാധിയായിരുന്ന ഫാമും മത്സ്യകൃഷിയും നഷ്ടമായ യുവകര്‍ഷകന് കോഴിക്കുഞ്ഞുങ്ങളും മത്സ്യവിത്തും നല്‍കി സോളിഡാരിറ്റിയുടെ പ്രളയാനന്തര കാര്‍ഷിക സഹായപദ്ധതിക്ക് തുടക്കമായി. ‘പുതിയ കേരളം: മണ്ണിനും മനുഷ്യനും വേണ്ടി’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി നടത്തിവരുന്ന പ്രളയാനന്തര പുനരധിവാസ കാമ്പയിനിന്റെ ഭാഗമായിരുന്നു പരിപാടി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് ആലുവ മുപ്പത്തടത്തെ യുവകര്‍ഷകന്‍ അബ്ദുല്‍ അസീസിന് കോഴിക്കുഞ്ഞുങ്ങളും മത്സ്യവിത്തും വിതരണം ചെയ്താണ് പദ്ധതിയുടെ സംസ്ഥാനതല ഉല്‍ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, സംസ്ഥാന സമിതിയംഗങ്ങളായ ഫവാസ് ടി.ജെ, സാദിഖ് ഉളിയില്‍, ജമാല്‍ പാനായിക്കുളം, ജല്ലാ പ്രസിഡന്റ് അനസ് എ, അലി അക്ബര്‍, സദഖത്, ത്വല്‍ഹത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാര്‍ഷിക സഹായ പദ്ധതിയുടെ ഭാഗമായി പ്രളയത്തില്‍ കൃഷി, മത്സ്യകൃഷി, ഫാമുകള്‍ എന്നിവ നഷ്ടമായവര്‍ക്ക് സംസ്ഥാനത്തുടനീളം വിത്ത്, മത്സ്യവിത്ത്, കാലികള്‍, കോഴികള്‍ എന്നിവ വിതരണം ചെയ്യും. തൊഴിലുപകരണ വിതരണം, ബദല്‍പാര്‍പ്പിട നിര്‍മാണരീതികള്‍ പരിചയപ്പെടുത്തുന്ന വീട് മേള, പ്രളയാനന്തരം പ്രകൃതി സൗഹൃദ ഡിസൈനിംഗുകളുടെ മത്സരം (ആള്‍ട്ടര്‍നേറ്റീവ് ഹോം ഡിസൈനിംഗ്), എന്റര്‍പ്രെണര്‍ വര്‍ക്‌ഷോപ്, ഹൗസ് മെയ്ന്റനന്‍സ് കാരവന്‍, കുടിവെള്ള വിതരണം, മണ്ണ്, വെള്ളം: രാസമാലിന്യ പരിശോധന എന്നീ പ്രവര്‍ത്തനങ്ങള്‍ പ്രളയാനന്തര കാമ്പയിനിന്റെ ഭാഗമായി സോളിഡാരിറ്റി നടത്തുന്നുണ്ട്.