മഅദനിയോട് കടുത്ത അനീതി: സോളിഡാരിറ്റി അർബുദ രോഗം മൂർച്ഛിച്ച് മാതാവിനെ സന്ദർശിക്കാൻ അനുമതി തേടിയ പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനിയോട് കടുത്ത അനീതിയാണ് ജുഡീഷ്യറി വച്ചുപുലർത്തുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം സ്വാലിഹ് പ്രസ്താവിച്ചു. അദ്ദേഹത്തെ ബംഗളൂരുവിൽ സന്ദർശിച്ച ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആറു മാസത്തിനകം മഅദനിയുടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് തീർപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും തെറ്റായ ന്യായങ്ങൾ നിരത്തി രോഗിയായ മഅദനിയെ നിയമക്കുരുക്കിൽ അകപ്പെടുത്തി അനന്തമായി ജയിലിൽ പാർപ്പിക്കാനാണ് മുതിരുന്നത് . മാധ്യമങ്ങളോടും, രാഷ്ട്രീ പ്രവർത്തകരോടും സംസാരിക്കരുതെന്നാണ് കോടതി പറയുന്നത്. ഇത് ജനാധിപത്യവിരുദ്ധമായ ഉപാധിയാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്നവരാണ് എന്നിരിക്കെ മഅദനിയുടെ കേരളസന്ദർശനം ബോധപൂർവ്വം കോടതി അലക്ഷ്യമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ പ്രതികരണങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, സെക്രട്ടറി ജമാൽ പാനായിക്കുളം, സാദിഖ് ഉളിയിൽ രഹനാ ഉസ്മാൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.