ഇന്ന് ലോക സഹിഷ്ണുതാ ദിനമാണ്. കടുത്ത അസഹിഷ്ണുതയും വെറുപ്പും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏറെ പ്രസക്തമായ ദിനമാണിത്. ഈ ദിനത്തിൽ സംഘ്പരിവാറിന്റെ അക്രമങ്ങൾക്കും ഭീഷണികൾക്കും വിധേയമായി കൊണ്ടിരിക്കുന്ന സുനിൽ പി.ഇളയിടത്തിനും ബിന്ദു തങ്കത്തിനും ശ്രീചിത്രനും ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നത് അർഥവത്താണ്.

രാജ്യത്ത് ഭരണത്തിലേറിയ സംഘ്ശക്തികൾ വിവിധതരത്തിൽ തങ്ങൾക്കെതിരെയുള്ള ശബ്ദങ്ങളെ അടിച്ചമർത്തുന്നുണ്ട്. വിയോജിപ്പിന്റെ മുഴുവൻ സ്വരഭേദങ്ങളെയും ഭരണകൂട സാമ്രഗ്രികളുപയോഗിച്ചു കൊണ്ട് ഞെരിച്ചമർത്താനുള്ള ശ്രമം സജീവമാണ്. ആൾകൂട്ട അക്രമണത്തിന്റെ മറപിടിച്ച് വിമതശബ്ദങ്ങൾക്ക് കൂച്ചുവിലങ്ങിടാനും ശ്രമം നടക്കുന്നുണ്ട്. എല്ലാറ്റിനുമുപരി സംഘ്പരിവാറിന് അനഭിമതരാകുന്നവർ ഉൻമൂലനം ചെയ്യപ്പെടുന്ന കാഴ്ചയും ഇന്ത്യയിൽ വിരളമല്ല. ഇപ്പോൾ സുനിലിനും ബിന്ദു ടീച്ചർക്കും ശ്രീചിത്രനും നേരെ സംഘ്പരിവാർ നടത്തുന്ന കൊലവിളികൾ അതിന്റെ തന്നെ തുടർച്ചയാണ്. സംഘ്പരിവാർ പ്രതിനിധീകരിക്കുന്ന സവർണ സംസ്കാരത്തിനും അത് നേടിയെടുക്കുന്ന അധീശാധിപത്യത്തിനുമെതിരെ ശബ്ദിച്ചു എന്നതാണ് ഇവരുടെ മേലുള്ള കുറ്റപത്രം. അതു കൊണ്ട് ഭീഷണമായ ഈ അന്തരീക്ഷത്തിലും നാം പുലർത്തുന്ന അലസതയും നിശബ്ദതയും ആത്യന്തികമായി ഫാഷിസത്തിന്റെ സാംസ്കാരിക കവാത്തുകൾക്ക് രഥവേഗം കൂട്ടുകയേ ഉള്ളൂ.