തൃശൂർ: മതപരിവർത്തന ഭീതി ഇന്ത്യയിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥയുടെ ഉപോൽപന്നമാണെന്ന് പ്രമുഖ ചിന്തകൻ കെ.ഇ.എൻ. ആദർശാത്മകവും അനുകരണാത്മകവുമായ മതപരിവർത്തനങ്ങൾക്ക് ജനാധിപത്യ ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതൊരു വിമോചന പോരാട്ടം കൂടിയായിരുന്നു. താൻ കണ്ടെത്തിയ സത്യത്തോടൊപ്പം സഞ്ചരിക്കാൻ ഒരാൾ തീരുമാനിക്കുമ്പോൾ അയാളിൽ പരിഭ്രമമില്ലാതിരിക്കുകയും ചുറ്റുമുള്ളവർ പരിഭ്രമിക്കുകയും ചെയ്യുന്നതിലെ രാഷ്ട്രീയം ജനാധിപത്യവിരുദ്ധമാണ്. ഇത് ഫാസിസ്റ്റ് അജണ്ടകളുടെ ഭാഗമാണ്. ചിലതിനെ വിശുദ്ധവും മറ്റു ചിലതിനെ അശുദ്ധവുമാക്കുന്ന സവർണ യുക്തികളെയാണ് ഫാസിസം പ്രയോഗവത്കരിക്കുന്നത്. ലൗ ജിഹാദ് എന്ന ഫാസിസത്തിന്റെ ആസൂത്രിത പദ്ധതി കേരളത്തിലടക്കം ആഘോഷിക്കപ്പെടുന്നത് ഇതിനാലാണ്. മതപരിവർത്തനത്തെ തടയാൻ ശ്രമിക്കുന്നതും ആഘോഷമാക്കുന്നതും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വ്യത്യസ്ത വിശ്വാസങ്ങൾ സ്വീകരിക്കാനും തള്ളാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യ ഇന്ത്യ നൽകുന്ന അവകാശമെന്നും അത് സംരക്ഷിക്കാൻ നാം കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംഘടിപ്പിച്ച ‘മതംമാറ്റം, ലൗ ജിഹാദ്, പുരോഗമന കേരളത്തിന്റെ ആകുലതകൾ’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
യുവ ആക്റ്റിവിസ്റ്റ് അനൂപ്.വി.ആർ. എഡിറ്റ് ചെയ്ത് സോളിഡാരിറ്റി പുറത്തിറക്കുന്ന ‘ഹാദിയ, മുഖ്യധാരാ ഫെമിനിസവും മുസ്‌ലിം ഭീതിയും’ എന്ന പുസ്തക പ്രകാശനത്തോടനുബന്ധിച്ച് തൃശൂർ ചങ്ങമ്പുഴ ഹാളിലാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.
പ്രമുഖ എഴുത്തുകാരൻ കെ.കെ.ബാബുരാജ് പുസ്തകം ഏറ്റുവാങ്ങി. ലയിച്ചു ചേരാത്തതെല്ലാം അശുദ്ധമെന്ന ഫാസിസ്റ്റ് യുക്തിയാണ് ഇസ് ലാമിനെ അപരവത്കരിച്ചത്. മതം എക്കാലത്തും മനുഷ്യന്റെ ആശാ കേന്ദ്രമായിട്ടുണ്ട്. ചരിത്രത്തിലെ വിപ്ലവകാരികളെല്ലാം മതത്തെ തളളിപ്പറഞ്ഞവരായിരുന്നു എന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തക ശബ്ന സിയാദ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാംഗം ടി.മുഹമ്മദ് വേളം, ആക്റ്റിവിസ്റ്റുകളായ ടി.മുഹമ്മദ് വേളം, ഐ.ഗോപിനാഥ്, അനൂപ് വി.ആർ, കമൽ.സി. നജ്മൽ, മൃദുല ഭവാനി, ജി.ഐ.ഒ ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എം.എ.ആദം എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും ജില്ലാ പ്രസിഡന്റ് പി.ബി.ആരിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.