പയ്യന്നൂർ: പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ഒരു നൂറ്റാണ്ടിലധികം പോരാടിയ കേരളത്തിലെ ഇസ്ലാമികസമൂഹത്തിന്റെ ചരിത്രത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് ചരിത്ര പണ്ഡിതൻ ഡോ. കെ.കെ.എൻ. കുറുപ്പ്. മുസ്ലിം ഹെറിറ്റേജ് കോൺഗ്രസ് പ്രഖ്യാപനത്തോടനുബന്ധിച്ച് സോളിഡാരിറ്റി ജില്ല കമ്മറ്റിയുടെ അഭിമുഖ്യത്തിൽ രാമന്തളി വടക്കുമ്പാട് സംഘടിപ്പിച്ച രാമന്തളി രക്തസാക്ഷി ചരിത്ര സംഗമത്തിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമന്തളി, എട്ടിക്കുളം, കോട്ടിക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ മുസ്‌ലിംകളുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾ പഠനവിധേയമാക്കണം. കേരളത്തിലെ തീരപ്രദേശങ്ങളിലുള്ള നിരവധി മഖാമുകളിലും പള്ളികളിലും അധിനിവേശ വിരുദ്ധ പോരാട്ടം നടത്തിയവരുടെ മഖ്ബറകൾ സ്ഥിതിചെയ്യുന്നുണ്ട്. ഇതിൽ കോട്ടിക്കുളത്തെ 300 പടയാളികളുടെ ഖബറിടം കേരള ചരിത്രത്തിൽ ഇടംപിടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമന്തളി പോരാട്ടത്തെ സർക്കാർ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്നും യുദ്ധശേഷിപ്പുകൾ സംരക്ഷിച്ച് പൈതൃക സ്മാരകം നിർമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചരിത്രഗവേഷകർക്കും വരുംതലമുറക്കും പഠന പ്രവർത്തനങ്ങൾക്ക് പുരാവസ്തു വകുപ്പ് രാമന്തളിയിൽ മ്യൂസിയം നിർമിക്കണമെന്നും ആവശ്യപ്പെട്ടു.

സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് കെ.കെ. ഫിറോസ്  അധ്യക്ഷത വഹിച്ചു. മുസ് ലിം ഹെറിറ്റേജ് കോണ്ഗ്രസ്സ് പ്രഖ്യാപനം മുൻ സംസ്ഥാന ജന. സെക്രട്ടറി സാദിഖ് ഉളിയിൽ നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡന്റ് വി.എൻ ഹാരിസ്, സോളിഡാരിറ്റി മുൻ സംസ്ഥാന സമിതിയംഗം സലീം മമ്പാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.  രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദൻ, രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് കെ.പി. അഹ്മദ് ഹാജി, രാമന്തളി ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അറുമാടി നാരായണൻ,  എസ്.ഐ.ഒ ജില്ല സെക്രട്ടറി മിസ്അബ് ശിബിലി, ജമാഅത്തെ ഇസ്‌ലാമി പയ്യന്നൂർ ഏരിയ പ്രസിഡന്റ് ജമാൽ കടന്നപ്പള്ളി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ല ജന. സെക്രട്ടറി ഷെറോസ് സജ്ജാദ് പ്രമേയം അവതരിപ്പിച്ചു.
ഡോ. എം.വി വിഷ്ണു നമ്പൂതിരി, ഡോ. പി.വി അബൂബക്കർ, കെ.കെ അസയിനാർ മാസ്റ്റർ, ജലീൽ രാമന്തളി, എൻ.എ.വി അബ്ദുല്ല, ഡി.ആർ.എം.സി ക്ലബ്ബ്, ബിസ്മില്ല എട്ടിക്കുളം ക്ലബ്ബ് എന്നിവരെ ആദരിച്ചു. സോളിഡാരിറ്റി ജില്ല സെക്രട്ടറി കെ.എം. അഷ്ഫാഖ് സ്വാഗതവും പ്രോഗ്രാം കൺവീനർ ഷിഹാബ് അരവഞ്ചാൽ നന്ദിയും പറഞ്ഞു. സി.എംസി. അബ്ദുറഹ്മാൻ, എസ്.എൽ.പി. സിദ്ധീഖ്, ജലാൽ ഖാൻ എന്നിവർ നേതൃത്വം നൽകി.

രണ്ടുമാസം നീണ്ടുനിൽക്കുന്ന ഹെറിറ്റേജ് കോൺഗ്രസിന്റെ ഭാഗമായി ജനുവരി 26, 27 തീയ്യതികളിൽ കണ്ണൂരിൽ ഹെറിറ്റേജ് കോൺഫറൻസ് സംഘടിപ്പിക്കും. പ്രമുഖ ചരിത്ര പണ്ഡിതന്മാർ, ഗവേഷകർ തുടങ്ങിയവർ സംബന്ധിക്കും. കാമ്പയിന്റെ ഭാഗമായി പ്രാദേശിക ചരിത്രസംഗമങ്ങൾ, ഹെറിറ്റേജ് കാരവൻ, എക്സ്ബിഷൻ, യൂത്ത് മീറ്റ്, സാംസ്കാരിക സമ്മേളനം, അക്കാദമിക് സെമിനാർ എന്നിവയും നടക്കും.