കോഴിക്കോട്: ജി.എസ്.ടിയുടെ പേരില്‍ ഹജ്ജിന് പോകുന്നവരെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. സാധാരണ യാത്രക്കാരില്‍നിന്ന് 5 ശതമാനം മാത്രം ജി.എസ്.ടിയാണ് വിമാന യാത്രാകൂലിയില്‍ ഈടാക്കുന്നത്. എന്നാല്‍ ഹാജിമാരില്‍ നിന്ന് 18 ശതമാനമാണ് ഈടാക്കുന്നത്. ഹാജിമാര്‍ക്ക് നല്‍കി വന്നിരുന്ന നാമമാത്രമായ സബ്‌സിഡിയും കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയിരുന്നു. അതിന് പുറമേയാണ് ജി.എസ്.ടിയുടെയും വിമാനതാവള നികുതിയുടെയും പേരില്‍ ഹാജിമാരെ സര്‍ക്കാര്‍ പിഴിയുന്നത്. കഴിഞ്ഞ വര്‍ഷം ഹജ്ജിന് പോയവരില്‍നിന്ന് ജി.എസ്.ടി ഇനത്തില്‍ 11757 രൂപയും വിമാനതാവള നികുതിയിനത്തില്‍ 3572 രൂപയുമാണ് ഈടാക്കിയത്.
രാജ്യത്ത് മറ്റ് തീര്‍ഥാടനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആയിരക്കണക്കിന് കോടിയാണ് സര്‍ക്കാര്‍ സബ്‌സിഡി ഇനത്തില്‍ ചെലവാക്കുന്നത്. എന്നിരിക്കെ ഹാജിമാര്‍ക്ക് സബ്‌സിഡി നല്‍കാതിരിക്കുന്നതിന് പുറമേ അവരെ പ്രത്യേകം ചൂഷണം ചെയ്യുന്ന തരത്തില്‍ നികുതികൂടി ഈടാക്കുന്നത് പ്രതിഷേധാര്‍മാണ്. ഈ നടപടി ഉടന്‍ നിര്‍ത്തലാക്കണമെന്നും എല്ലാ തീര്‍ഥാടകര്‍ക്കും നീതി ഉറപ്പാക്കണമെന്നും പി.എം സാലിഹ് ആവശ്യപ്പെട്ടു.