മലപ്പുറം: ഇന്ത്യയുടെയും കേരളത്തിന്റെയും നവോത്ഥാന ചരിത്രത്തിൽ അവഗണിക്കാൻ പറ്റാത്ത സ്വാധീനമാണ് ഇസ്ലാമിനും മുസ്ലിംകൾക്കുമുള്ളത്. ആര് ശ്രമിച്ചാലും വെട്ടി മാറ്റാനാകാത്തത്ര വ്യക്തതയോടെ ഇന്ത്യയുടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും കാലടിപ്പാടുകൾ പതിഞ്ഞ് കിടപ്പുണ്ടെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റൻറ് അമീർ സയ്യിദ് സആദത്തുല്ലാ ഹുസൈനി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ‘ഇസ്ലാം കേരളത്തിന്റെ നവോത്ഥാന ശക്തി’ എന്ന തലക്കെട്ടിൽ മലപ്പുറം ടൗൺ ഹാളിൽ സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹത്തിൽ സമത്വം, സാമൂഹിക നീതി എന്നീ മൂല്യങ്ങൾ അടിസ്ഥാനപരമായി സ്ഥാപിച്ചതും മറ്റ് സംസ്കാരങ്ങൾക്ക് പകർന്ന് നൽകിയതും ഇസ്ലാമാണ്. അത് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽതന്നെ നമുക്ക് കാണാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വൈവിധ്യങ്ങളുടെ സഹവർത്തിത്വത്തിലൂടെയും കൊടുക്കൽ വാങ്ങലുകളിലൂടെയുമാണ് നവോത്ഥാനം സാധ്യമാകുന്നതെന്നും വൈവിധ്യങ്ങൾ അംഗീകരിക്കാത്ത നവോത്ഥാനം അപൂർണമാണെന്നും സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. യൂറോ കേന്ദ്രീകൃതമായ നവോത്ഥാനത്തിന്റെ വലിയ പരിമിതി അത് ഭൗതികതയെ മാത്രമാണ് പരിഗണിച്ചതെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിമോചനം സാധ്യമാക്കിയ ഇസ്ലാമിനെ അവഗണിച്ചുക്കൊണ്ടുള്ളൊരു നവോത്ഥാന ചർച്ച സാധ്യമേയല്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് അഭിപ്രായപ്പെട്ടു.


സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. കെ.എസ് മാധവൻ, അനൂപ് വി.ആർ, പി റുക്സാന, എം.സി നസീർ, സമദ് കുന്നക്കാവ് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ അലത്തൂർ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ജലീൽ കെ.എൻ നന്ദിയും പറഞ്ഞു.