മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കാന്‍ പോകുന്ന ബില്‍ ഭരണഘടനക്കും അതിന്റെ മൂല്യങ്ങള്‍ക്കുമെതിരായ വ്യക്തമായ വെല്ലുവിളിയാണ്. രാജ്യത്തെ ഭരണഘടന സംവരണമെന്ന തത്വത്തെ അംഗീകരിക്കുന്നത് തന്നെ സാമൂഹിക നീതി ഉറപ്പാക്കുകയെന്ന അടിസ്ഥാനത്തിലാണ്. എന്നാല്‍ സാമൂഹിക പരിഗണനകള്‍ക്കപ്പുറത്ത് സാമ്പത്തിക പരിഗണനകളില്‍ സംവരണം നല്‍കുകയെന്നത് സംവരണത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കും. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായ വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്വം ഉറപ്പാക്കാനാണ് സംവരണം. എന്നാല്‍ അതിനെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയാക്കി മാറ്റി ലഘൂകരിക്കുകയാണ് സാമ്പത്തിക സംവരണമെന്ന വാദത്തിലൂടെ ചെയ്യുന്നത്. ഈ നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണം.
ഇടതു പക്ഷവും മറ്റു മുഖ്യധാരാ പാര്‍ട്ടികളും സംവരണത്തിന്റെ വിഷയത്തില്‍ സമാന നിലപാട് തന്നെയാണ് പുലര്‍ത്തുന്നത്. കാലങ്ങളായി സാമ്പത്തിക സംവരണത്തിനായുള്ള സിദ്ധാന്തങ്ങളുണ്ടാക്കുകയാണ് ഇടതുപക്ഷം. സാമുദായിക സംവരണത്തെ പലതരത്തില്‍ അട്ടിമറിക്കാനും ഇവരെല്ലാവരും ശ്രമിക്കുന്നുണ്ട്. ഇതിന്റെ അവസാന ഉദാഹരണമാണ് കെ.എ.എസ് സംവരണത്തില്‍ കാണുന്നത്.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ സവര്‍ണ വോട്ടുകള്‍ ലക്ഷ്യംവെച്ചാണ് സര്‍ക്കാറുകള്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ പിന്നാക്ക സമുദായങ്ങളെ അധികാരപങ്കാളിത്വങ്ങളില്‍ നിന്നും ഉദ്യോഗ-വിദ്യാഭ്യാസ മേഖലകളില്‍നിന്നും കൂടുതല്‍ പിന്തള്ളാനാണ് ഇത് കാരണമാക്കുക. അധികാര പങ്കാളിത്തത്തിന് പകരം ഹിന്ദു ഏകീകരണത്തിന്റെയും ദേശീയതയുടെയും പേരില്‍ തെരുവ് യുദ്ധം നടത്താനുള്ള അണികളായി മാത്രം പിന്നാക്കക്കാരെ ലഭിക്കണമെന്ന ലാഭക്കണ്ണുകൂടിയാണ് സംഘ്പരിവാറിനെയും മറ്റും ഇത്തരം നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഇത്തരം ഗൂഢാലോചനകള്‍ തിരിച്ചറിഞ്ഞ് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒന്നിച്ച് സാമ്പത്തിക സംവരണത്തെ ചെറുത്ത് തോല്‍പിക്കണം. അതിനായുള്ള വിശാലസഖ്യങ്ങള്‍ രൂപപ്പെടണം.