കോതമംഗലം: സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള പുരാതന കൊച്ചി ജനകീയ പുനര്‍നിര്‍മ്മാണ പദ്ധതിയായ സണ്‍റൈസ് കൊച്ചി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് കോതമംഗലത്ത് നിര്‍മ്മിച്ച മൂന്ന് വീടുകളുടെ താക്കോല്‍ദാനം നെല്ലിക്കുഴിയില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കൊച്ചിയിലെ ഭവനരഹിത കുടുംബങ്ങള്‍ക്ക് കൊച്ചിക്ക് പുറത്ത് സണ്‍റൈസ് കൊച്ചി നടപ്പാക്കിയ പ്രഥമ ഭവന പദ്ധതിയിലെ മൂന്ന് വീടുകളില്‍ രണ്ട് വീടുകള്‍ പീപ്പിള്‍സ് ഫൗണ്ടേഷനും ഒരു വീട് സോളിഡാരിറ്റി ശാന്തപുരം ഏരിയയുമാണ് സ്‌പോണ്‍സര്‍ ചെയ്തത്. കോതമംഗലത്ത് ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘തണല്‍’ ആണ് വീടിനുള്ള സ്ഥലം ലഭ്യമാക്കിയത്. പ്രസ്തുത പദ്ധതിയോടെ സണ്‍റൈസ് കൊച്ചി നിര്‍മ്മിക്കുന്ന ഒറ്റവീടുകളുടെ എണ്ണം 25 തികയുകയാണ്. കൂടാതെ 21 ഭവനരഹിത കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച ഫ്‌ളാറ്റിന്റെ ഉദ്ഘാടനം 2017 മെയ് മാസത്തില്‍ ബഹു.കേരള നിയമസഭ സ്പീക്കര്‍ നിര്‍വ്വഹിക്കുകയുണ്ടായി.

സണ്‍റൈസ് കൊച്ചി കോര്‍കമ്മിറ്റി ചെയര്‍മാന്‍ എം.കെ.അബുബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്റെയും സണ്‍റൈസ് കൊച്ചിയുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി പി.സി ബഷീറും സണ്‍റൈസ് കൊച്ചി പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് ഉമറും വിശദീകരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ ദാനിയല്‍, അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സലീം, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ വേണു, വൈസ് പ്രസിഡന്റ് റംല മുഹമ്മദ്, പഞ്ചായത്തംഗം പരീക്കുട്ടി കുന്നത്താന്‍, തണല്‍ ചെയര്‍മാന്‍ പി.എം.അബൂബക്കര്‍, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് എ.അനസ്, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.എം ഇല്യാസ്, സോളിഡാരിറ്റി ശാന്തപുരം ഏരിയ പ്രസിഡന്റ് എം.ഇ ബാസിം, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് ഇ.എച്ച് ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. സണ്‍റൈസ് കൊച്ചി സെക്രട്ടറി നാസര്‍ യൂസഫ് സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ഏരിയ സേവന കണ്‍വീനര്‍ മുജീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.