തൃശൂർ: രാജ്യത്ത് സംഘ്പരിവാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസത്തിന് വളരാനും നിലയുറപ്പിക്കാനും അനുയോജ്യമായ സാംസ്കാരിക പശ്ചാതലം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. സോളിഡാരിറ്റി പ്രസിദ്ധീകരിക്കുന്ന ‘ഹിന്ദുത്വഫാഷിസം: ദേശീയത, വംശീയത, പ്രതിരോധം’ എന്ന തലക്കെട്ടിലുള്ള പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലധനശക്തികളുടെയും കോർപറേറ്റുകളുടെയും പിന്തുണയോടെ ഫാഷിസം വളർന്നുകൊണ്ടിരിക്കുകയാണ്. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും തകർത്തെറിഞ്ഞുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റുകൾക്ക് കരുത്ത് പകരുന്ന പരിസരമാണ് ഇവിടുള്ളത്. അത് മോദി അധികാരത്തിലേറിയത് മുതലല്ല, മുമ്പേയുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പിൽ ഫാഷിസത്തെ പ്രതിരോധിക്കാൻ എല്ലാ ഭിന്നതകളും മറന്ന് ഐക്യം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പിന്നാക്ക-ന്യൂനപക്ഷ-കീഴാള വിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശംതന്നെ ഹനിക്കുകയാണ് ഫാഷിസം. അതിനായി മുസ്ലീം എന്ന അപരനെ സൃഷ്ടിച്ച് ദേശീയ വികാരം വളർത്തുകയാണ്. അതിന് യോചിച്ച സാംസ്കാരിക പശ്ചാതലം ഇവിടെ നിലനിൽക്കുന്നുണ്ട്. ഈ പശ്ചാതലം സൃഷ്ടിക്കുന്നതിൽ എല്ലാ മുഖ്യധാരാ പാർട്ടികൾക്കും പങ്കുണ്ടെന്നും പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച ദലിത് ചിന്തകൻ കെ.കെ കൊച്ച് പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷത വഹിച്ചു. പുസ്തകത്തിൻെറ എഡിറ്റർ സമദ് കുന്നക്കാവ് പുസ്തകം പരിചയപ്പെടുത്തി. സണ്ണി എം കപിക്കാട്, ഐ ഗോപിനാഥ്, അനൂപ് വി.ആർ, എം.എ ആദം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി നൗഷാദ് സി.എ സ്വാഗതവും ജില്ലാ പ്രസിഡന്റ് ആരിഫ് പി.ബി നന്ദിയും പറഞ്ഞു.