എണ്ണവില വര്‍ധനവ്; സോളിഡാരിറ്റി ജി.പി. ഒ മാര്‍ച്ച് നടത്തി
Posted on Mar 12 2012

തിരുവനന്തപുരം: പെട്രോളിന് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ ജനറല്‍ പോസ്റ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് അമീര്‍കണ്ടല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിലവര്‍ധനവിന് കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് പ്രാവശ്യം വില വര്‍ധിപ്പിച്ചിട്ടും കേന്ദ്രസര്‍ക്കാരിന് കമ്പനികളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെന്നത് അത്യന്തം അപഹാസ്യമാണ്. വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ കമ്പനികള്‍ക്ക് കഴിയാതെ വന്നാല്‍ ഇന്ത്യയിലും അറബ് വസന്തത്തിന്റെ കാറ്റ് താമസിയാതെ തന്നെ വീശും. ജനങ്ങള്‍ക്ക് ക്ഷമിക്കുന്നതിന് അതിരുണ്ടെന്നും എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും വാള്‍സ്ട്രീറ്റുകള്‍ക്ക് സമാനമായ പ്രക്ഷോഭത്തിന് കാതോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന് സെക്രട്ടറി എ. സൈഫുദ്ദീന്‍, ജംഷീദ് പാളയം എന്നിവര്‍ നേതൃത്വം നല്‍കി.
പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി ഇരുചക്രവാഹനങ്ങള്‍ ഉപേക്ഷിച്ച് ഹെല്‍മറ്റ് ധരിച്ചുക്കൊണ്ടാണ് പ്രകടനത്തില്‍ പങ്കെടുത്തത്.